
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വായ്പകളുടെ ഗുണനിലവാരം കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടി മൂഡിസ് ഇൻവെസ്റ്റേഴ്സ് സർവീസ് രാജ്യത്തെ നാല് സർക്കാർ ബാങ്കുകളുടെ റേറ്റിംഗ് താഴ്ത്തി. ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ റേറ്റിംഗാണ് താഴ്ന്നത്.
ഈ നാല് ബാങ്കുകളുടെയും ക്രെഡിറ്റ് യോഗ്യത Ba3 യിൽ നിന്ന് B1 ആയി നേരത്തെ കുറച്ചിരുന്നു. ഒപ്പം പഞ്ചാബ് നാഷണൽ ബാങ്കിന്റെയും ദീർഘകാല പ്രാദേശിക, വിദേശ കറൻസി നിക്ഷേപങ്ങളുടെ റേറ്റിംഗും താഴ്ത്തിയിരുന്നു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക ആഘാതം ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുരടിപ്പിക്കുകയും ബാങ്കുകളുടെ ക്രെഡിറ്റ് പ്രൊഫൈലുകൾ ദുർബലപ്പെടുത്തുകയും ചെയ്തുവെന്നും ഇത് ബാങ്കുകളുടെ ആസ്തി നിലവാരത്തെ സാരമായി ബാധിക്കുന്നുവെന്നും മൂഡീസ് പറഞ്ഞു. സാമ്പത്തികമാന്ദ്യത്തിന് മുൻപ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ സാമ്പത്തിക അളവുകൾ മെച്ചപ്പെട്ടിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, മൂഡിസ് അടുത്തിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബേസ് ലൈൻ ക്രെഡിറ്റ് അസസ്മെൻ്റ് Ba1 ൽ നിന്ന് Ba2 ലേക്ക് താഴ്ത്തിയിരുന്നു. സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ എസ്ബിഐയുടെ ആസ്തിയും ഗുണനിലവാരവും ലാഭവും കുറയുന്നുവെന്ന റേറ്റിംഗ് ഏജൻസിയുടെ വീക്ഷണത്തെയാണ് ഈ റേറ്റിംഗ് താഴ്ത്തൽ പ്രതിഫലിപ്പിക്കുന്നത്.