
റെക്കോഡുകൾ വാരിക്കൂട്ടി മുന്നേറുകയാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്. ഇപ്പോൾ അവരുടെ ബ്രാൻഡ് മൂല്യം ഉയരുന്ന് 37 കോടി രൂപയിലെത്തിയിരിക്കുകയാണ്. ക്രിക്കറ്റിൽ നിന്നുള്ള പ്രതിഫലം, പരസ്യങ്ങളിൽ അഭിനയിക്കുമ്പോൾ കിട്ടുന്ന പ്രതിഫലം എന്നിവ ഉൾപ്പെടെയാണ് ഇത്.

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി 10,000 റൺസ് തികച്ച ആദ്യ ഇന്ത്യക്കാരി, ഏകദിനത്തിൽ 7,000 റൺസ് തികയ്ക്കുന്ന ആദ്യ വനിത എന്നീ നേട്ടങ്ങൾ ഈയിടെ സ്വന്തമാക്കിയതോടെയാണ് അവരുടെ ബ്രാൻഡ് മൂല്യം ഉയർന്നത്. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ 20-30 ലക്ഷം രൂപ വീതമാണ് അവർ പ്രതിഫലം പറ്റുന്നത്. ഊബർ, റിയോ ടിന്റോസ് ഓസ്ട്രേലിയൻ ഡയമണ്ട്സ്, റോയൽ ചാലഞ്ച്, ലാവർ ആൻഡ് വുഡ് ക്രിക്കറ്റ് ബാറ്റ് എന്നിവയുടെ പരസ്യങ്ങളിൽ അവർ പ്രത്യക്ഷപ്പെടുന്നുണ്ട്. അമേരിക്കൻ ടൂറിസ്റ്റർ, അലെൻ സോളി, സോ ഗുഡ്, നെക്സ്ജെൻ ഫിറ്റ്നസ് സ്റ്റുഡിയോ, ഫാസ്റ്റ് ആൻഡ് അപ്പ് ഇന്ത്യ എന്നിവയാണ് അവർ എൻഡോഴ്സ് ചെയ്യുന്ന മറ്റു ബ്രാൻഡുകൾ.