
വിൻഡോസ് കമ്പ്യൂട്ടറുകളിലെ സുപ്രധാനമായ സുരക്ഷാ സംവിധാനമാണ് മൈക്രോസോഫ്റ്റ് ഡിഫൻഡർ. എന്നാൽ അടുത്തിടെ ഈ സോഫ്റ്റ്വെയറിൽ സുപ്രധാനമായ സുരക്ഷാവീഴ്ച കണ്ടെത്തിയിരിക്കുകയാണ് കമ്പനി. 12 വർഷക്കാലമായി ഈ സുരക്ഷാവീഴ്ച ശ്രദ്ധിക്കപ്പെടാതെ പോയെന്നും റിപ്പോർട്ടുകളുണ്ട്. സൈബർ സുരക്ഷാ സ്ഥാപനമായ സെന്റിൻവൺ ആണ് ഈ സുരക്ഷാവീഴ്ച കണ്ടെത്തിയത്.

പിസിയിൽ ഇൻസ്റ്റാൾ ചെയ്ത മാൽവെയർ നീക്കം ചെയ്യുന്നതിനായി വിൻഡോസ് ഡിഫൻഡർ ആൻറിവൈറസ് ഉപയോഗിക്കുന്ന ഒരു ഡ്രൈവ് ഫയലിലാണ് ബഗ്ഗ് കണ്ടെത്തിയതെന്ന് ആർസ് ടെക്ക് റിപ്പോർട്ടിൽ പറയുന്നു. ഇത് വിൻഡോസ് ഡിഫൻഡർ ദുരുപയോഗം ചെയ്യാനും പഴുത് സൃഷ്ടിക്കാനുമിടയാക്കി. കമ്പനി പുറത്തിറക്കുന്ന എല്ലാ വിൻഡോസ് കമ്പ്യൂട്ടറുകളിലും വിൻഡോസ് ഡിഫൻഡർ ഉള്ളതിനാൽ എല്ലാ പിസി കമ്പ്യൂട്ടറുകളും ഈ സുരക്ഷാ പ്രശ്നത്തിന്റെ ഭീഷണിയിലായിരുന്നു. മറ്റ് ആൻറിവൈറസ് സോഫ്റ്റ്വെയറുകളൊന്നും ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്ത കമ്പ്യൂട്ടറുകളെല്ലാം ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ടായിരുന്നു. എന്നാൽ ഫെബ്രുവരി ഒമ്പതിന് വന്ന അപ്ഡേറ്റിലൂടെ മൈക്രോസോഫ്റ്റ് സുരക്ഷാവീഴ്ച പരിഹരിച്ചു കഴിഞ്ഞു. ഇനിയും അപ്ഡേറ്റ് ചെയ്തിട്ടില്ലാത്തവർ ഉടൻ അപ്ഡേറ്റ് ചെയ്യാനും കമ്പനി നിർദേശിക്കുന്നുണ്ട്.