
റെക്കോർഡ് നേട്ടം കൊയ്തിരിക്കുകയാണ് ആഗോളതലത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റ്. ഇക്കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ മൈക്രോസോഫ്റ്റിന്റെ ഗെയിമിംഗ് വരുമാനം 500 കോടി ഡോളർ (ഏകദേശം 36,427.50 കോടി രൂപ) മറികടന്നതായി കമ്പനി സിഇഒ സത്യ നദെല്ല അറിയിച്ചു.

കമ്പനിയുടെ എക്സ്ബോക്സ് ലൈവിന് പ്രതിമാസം 10 കോടിയിലധികം സജീവ ഉപഭോക്താക്കളുണ്ടെന്നും ഗെയിം പാസിന് ഇപ്പോൾ 1.8 കോടി സബ്സ്ക്രൈബർമാരുണ്ടെന്നും നദെല്ല പറഞ്ഞു. മൈക്രോസോഫ്റ്റ് എക്സ് ബോക്സ് സീരീസ് എക്സ്, സീരീസ് എസ് ഗെയിമിംഗ് കൺസോളുകൾ ഇക്കാഴിഞ്ഞ നവംബർ 10-നാണ് ആഗോളതലത്തിൽ വിപണിയിലെത്തിച്ചത്. വൈകാതെ തന്നെ ഗെയിമുകൾ ഐഒഎസ് ഉപകരണങ്ങളിലേക്കും വിൻഡോസ് പിസികളിലേക്കും ക്ലൗഡ് ഗെയിമിങ്ങും ഗെയിം പാസും കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സ് ബോക്സ് ഹാർഡ്വെയർ വരുമാനം 86 ശതമാനം വർധിച്ചു. പുതിയ കൺസോൾ അവതരണവും കൺസോളുകളുടെ വിലകുറച്ചതും വരുമാനം കുതിച്ചുയരാൻ കാരണമായി.