
ഒരുകാലത്ത് ഇന്ത്യയിലെ മികച്ച സ്മാർട്ട് ഫോൺ ബ്രാൻഡായ മൈക്രോമാക്സ് തിരിച്ചുവരവിനൊരുങ്ങുന്നു. അതിർത്തിയിലെ സംഘർഷത്തെ തുടർന്നുണ്ടായ ചൈന വിരുദ്ധ വികാരങ്ങളുടേയും പ്രധാനമന്ത്രിയുടെ ആത്മ നിർഭർ പദ്ധതിയുടെയും ഫലമായി മൈക്രോമാക്സ് അവരുടെ പുതിയ ഉപ ബ്രാൻഡായ ‘ ഇൻ ‘ഇന്ത്യയിൽ അവതരിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി കമ്പനി 500 കോടി രൂപ മുതൽമുടക്കിൽ ഇന്ത്യക്കാർക്കായി പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

മീഡിയാടെക് ഹീലിയോ പി35 പ്രോസസറും 4 ജിബി റാമുമായി പുതിയ ഇൻ ബ്രാൻഡിനു കീഴിൽ ആദ്യത്തെ സ്മാർട്ട്ഫോൺ കമ്പനി വിപണിയിലെത്തിക്കുന്നത് സൂചനകളുണ്ട്. ഇത് സ്റ്റാൻഡേർഡ് പതിപ്പാണോ ട്രിം ചെയ്ത ആൻഡ്രോയിഡ് ഗോ പതിപ്പാണോ എന്ന് വ്യക്തമല്ലെങ്കിലും ഇത് ആൻഡ്രോയ്ഡ് 10 സോഫ്റ്റ്വെയറിൽ പ്രവർത്തിക്കും. ക്യാമറ സവിശേഷതകൾ, ഡിസ്പ്ലേ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഒന്നും കമ്പനി ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്നാൽ വരാനിരിക്കുന്ന സ്മാർട്ട് ഫോണിൻറെ വില 10,000 രൂപയിൽ താഴെയായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
തങ്ങളുടെ ഉപ ബ്രാൻഡായ ‘ഇൻ’ ലൂടെ ഇന്ത്യൻ വിപണിയിലേയ്ക്ക് തിരിച്ചുവരവ് നടത്തുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്നും അത് തങ്ങൾക്ക് ഉത്തരവാദിത്വബോധം നൽകുന്നുവെന്നും ഇതിലൂടെ ഇന്ത്യയെ വീണ്ടും ആഗോള സ്മാർട്ട്ഫോൺ ഭൂഖണ്ഡത്തിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പുത്തൻ ലോഞ്ചനെ കുറിച്ച് മൈക്രോമാക്സിന്റെ സഹ സ്ഥാപകനായ രാഹുൽ ശർമ പറഞ്ഞു.