
എംജി മോട്ടോഴ്സ് ഇന്ത്യയിലെത്തിച്ച നാലാമത്തെ വാഹനമായ ഗ്ലോസ്റ്റർ എന്ന പ്രീമിയം എസ് യു വി വിപണിയിലെത്തി മൂന്നാഴ്ച പിന്നിടുമ്പോൾ നേടിയത് 2000 ബുക്കിംഗ്. ഈ വാഹനം വിപണിയിൽ അവതരിപ്പിച്ചപ്പോൾ 28.98 ലക്ഷം രൂപ മുതൽ 35.38 ലക്ഷം രൂപ വരെയായിരുന്നു വില. എന്നാൽ ഇത് സ്പെഷ്യൽ വിലയായിരിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.ഇപ്പോൾ 2000 യൂണിറ്റ് പിന്നിട്ടപ്പോൾ കമ്പനി നേരത്തെ അറിയിച്ചത് പോലെ വാഹനത്തിന്റെ വില ഉയർത്തിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയാണ് എംജി മോട്ടോഴ്സ് ഉയർത്തിയിരിക്കുന്നത്.

വില ഉയർത്തിയതോടെ 28.98 ലക്ഷം രൂപയായിരുന്ന പ്രാരംഭ വില 29.98 ലക്ഷം രൂപയായി ഉയരും. ഒക്ടോബർ എട്ടിനായിരുന്നു കമ്പനി ഈ വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സൂപ്പർ, ഷാർപ്പ്, സ്മാർട്ട്, സാവി എന്നീ നാല് വേരിയന്റുകളിലായാണ് വാഹനം വിപണിയിലെത്തിയത്. ഇതിലെ അടിസ്ഥാന വേരിയന്റായ സൂപ്പറിനാണ് ഒരു ലക്ഷം രൂപ ഉയർത്തിയിരിക്കുന്നത്. എന്നാൽ ഏറ്റവും ഉയർന്ന വേരിയന്റായ സാവിക്ക് ഇരുപതിനായിരം രൂപ മാത്രമാണ് ഉയർത്തിയിരിക്കുന്നത്. ഇന്ത്യയിൽ അവതരിപ്പിച്ച 21 ദിവസത്തിനകം തന്നെ വാഹനത്തിൻറെ 2000 യൂണിറ്റുകളുടെ ബുക്കിംഗ് പൂർത്തിയായിരുന്നു. കൂടാതെ കമ്പനിയുടെ ഒക്ടോബർ മാസത്തിലെ മൊത്ത വിൽപ്പനയിൽ 6 ശതമാനം ഉയർച്ച രേഖപ്പെടുത്തുകയും ചെയ്തു.