Tech
Trending

ഇന്‍സ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ഇന്ത്യയിലും എത്തി

ഒരു ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷൻ എന്നതിൽ നിന്ന് മാറി ഇപ്പോൾ ഒരു മൾടി മീഡിയാ പ്ലാറ്റ്ഫോമായി ഇൻസ്റ്റാഗ്രാം മാറിയിട്ടുണ്ട്. അടുത്തിടെ ആരംഭിച്ച റീൽസ് എന്ന വീഡിയോ ഷെയറിങ് സേവനത്തിന് സ്വീകാര്യത വർധിച്ചതോടെ ഇന്ത്യയിൽ ഏറ്റവും മുൻനിരയിലുള്ള സോഷ്യൽ മീഡിയാ ആപ്ലിക്കേഷനായി ഇൻസ്റ്റാഗ്രാം മാറുകയും ചെയ്തു.ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ പുതിയ സബ്സ്ക്രിപ്ഷൻ ഫീച്ചർ ഇന്ത്യയിലും വന്നിരിക്കുന്നു. ഇൻസ്റ്റാഗ്രാമിലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് അവർ തയ്യാറാക്കുന്ന എക്സ്ക്ലൂസീവ് ഉള്ളടക്കങ്ങൾ കാണുന്നതിനായി ഫോളോവർമാരിൽ നിന്ന് നിശ്ചിത തുക ഈടാക്കാൻ സാധിക്കുന്ന സംവിധാനമാണത്. അതായത് ഒരു കണ്ടന്റ് ക്രിയേറ്ററുടെ അക്കൗണ്ട് സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാത്രമേ ആ പ്രത്യേക വീഡിയോകൾ കാണാൻ സാധിക്കുകയുള്ളൂ.ഇങ്ങനെ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് അവരുടെ യൂസർ നെയിമിനൊപ്പം ഒരു പർപ്പിൾ ബാഡ്ജ് ലഭിക്കും. കൂടാതെ ഇൻസ്റ്റാഗ്രാമിലെ എക്സ്ലൂസീവ് ലൈവ് വീഡിയോകളും സ്റ്റോറീസുമെല്ലാം കാണാനും സാധിക്കും.പ്രതിമാസം, 89 രൂപ, 440 രൂപ, 890 രൂപ നിരക്കിലുള്ളതാണ് ഈ സബ്സ്ക്രിപ്ഷനുകൾ. അമേരിക്കയിലെ ചില കണ്ടന്റ് ക്രിയേറ്റർമാർക്ക് മാത്രമേ ഈ സൗകര്യം ഔദ്യോഗികമായി ലഭ്യമാക്കിയിട്ടുള്ളൂ. എന്നാൽ ഇതിപ്പോൾ ഇന്ത്യയിലും ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ട്വിറ്റർ ഉപഭോക്താവായ സൽമാൻ മെമൻ പറയുന്നത്. അദ്ദേഹം ചില സ്ക്രീൻ ഷോട്ടുകളും പങ്കുവെച്ചിട്ടുണ്ട്.ഇൻസ്റ്റാഗ്രാം ഹെൽപ് സെന്റർ നൽകുന്ന വിവരങ്ങൾ അനുസരിച്ച്. വെത്യസ്ത നിരക്കുകളിലുള്ള സബ്സ്ക്രിപ്ഷനുകൾ ലഭ്യമാണ്. ഇതിൽ ഏത് നിരക്ക് തന്റെ വരിക്കാരിൽ നിന്ന് ഈടാക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ക്രിയേറ്റർമാർക്കാണ്. ഓരോ ക്രിയേറ്ററുടെയും അക്കൗണ്ട് സബ്സ്ക്രൈബ് ചെയ്യുന്നതിന് മുമ്പ് ഈ നിരക്ക് എത്രയാണെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കും.തങ്ങളുടെ ജനപ്രീതി അനുസരിച്ച് ഈ നിരക്കിൽ മാറ്റം വരുത്താനും ക്രിയേറ്റർമാർക്ക് സാധിക്കും. മാസം തോറും ഈ സബ്സ്ക്രിപ്ഷനുകൾ പുതുക്കിക്കൊണ്ടിരിക്കും. ഒരു സബ്സ്ക്രിപ്ഷൻ കാലാവധി തീരുന്നതിന് 24 മണിക്കൂർ മുമ്പ് സബ്സ്ക്രിപ്ഷൻ പിൻവലിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

Related Articles

Back to top button