
മെഴ്സിഡീസ് ബെൻസിന്റെ എസ്‍യുവി ഇക്യുബി വിപണിയിൽ അവതരിപ്പിച്ചു.മൂന്നു നിര സീറ്റുകളുള്ള ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതി ആഡംബര എസ്‍യുവി എന്ന ഖ്യാതിയിൽ പുറത്തിറങ്ങുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 74.50 ലക്ഷം രൂപ മുതലാണ്. ബെൻസിന്റെ ജിഎല്‍ബിക്ക് സമാനമായ സൗകര്യങ്ങളാണ് ഇക്യുബിയിലുള്ളത്. ഫ്രണ്ട് ഗ്രില്ലിലും ഹെഡ്‌ലൈറ്റിലും ടെയ്ല്‍ ലാംപിലും മുന്നിലെയും പിന്നിലെയും ബംപറിലും എല്‍ഇഡി ലൈറ്റിലുമെല്ലാം മാറ്റങ്ങളുണ്ട്. 18 ഇഞ്ച് അലോയ് വീലുള്ള ഇക്യുബി കോസ്‌മോസ് ബ്ലാക്ക്, റോസ് ഗോള്‍ഡ്, ഡിജിറ്റല്‍ വൈറ്റ്, മൗണ്ടന്‍ ഗ്രേ, ഇറിഡിയം സില്‍വര്‍ എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ ലഭ്യമാണ്.മൂന്നു നിരകളിലായി ഏഴു പേര്‍ക്കിരിക്കാവുന്ന സൗകര്യം ഇക്യുബിയിലുണ്ട്. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, വിശാലമായ പനോരമിക് സണ്‍റൂഫ്, 64 കളര്‍ ലൈറ്റിങ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റ് എന്നിവയും ഇക്യുബിയില്‍ ഒരുക്കിയിരിക്കുന്നു. മടക്കാവുന്ന സീറ്റുകളും ഏഴു സീറ്റുള്ള വാഹനത്തിന്റെ ഉള്‍ഭാഗത്തെ വിശാലത വര്‍ധിപ്പിക്കുന്നു.
രണ്ടു വേരിയന്റുകളായിട്ടാണ് ആഗോളതലത്തില്‍ ഇക്യുബിയെ മെഴ്‌സീഡസ് ബെന്‍സ് പുറത്തിറക്കിയിരിക്കുന്നത്. ഇക്യുബി 300ന് 228എച്ച്പി കരുത്തും പരമാവധി 390 എൻഎം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കാനാകുകയെങ്കില്‍ ശേഷികൂടിയ ഇക്യുബി 350ന് 292 എച്ച്പി കരുത്തും 520 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാനാകും. ഇന്ത്യയില്‍ ഇപ്പോള്‍ ഇക്യുബി 300ആണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.ഓള്‍ വീല്‍ ഡ്രൈവാണ് ഇക്യുബി 300ലുള്ളത്.അതിന്റെ ബലത്തില്‍ വെറും എട്ടു സെക്കൻഡില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ ഈ ഇലക്ട്രിക് ആഡംബര കാറിനാവും. മണിക്കൂറില്‍ 160 കിലോമീറ്ററാണ് പരമാവധി വേഗത.66.5kWh ബാറ്ററിയാണ് ഇക്യുബിക്കുള്ളത്. ഒരൊറ്റ ചാര്‍ജില്‍ 423 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററി പാക്കിന് മെഴ്‌സിഡീസ് ബെന്‍സ് നല്‍കുന്നുണ്ട്.