
രാജ്യത്തെ പ്രമുഖ മസാലക്കൂട്ട് നിർമ്മാതാക്കളായ എംഡിഎച്ച് മസാലയുടെ ഉടമ ധാരാംപാൽ ഗുലാത്തി (98) അന്തരിച്ചു. ഇന്ന് രാവിലെയാണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. മൂന്നാഴ്ചയായി അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതോടെ പഠനം ഉപേക്ഷിച്ച അദ്ദേഹം അച്ഛനോടൊപ്പം ബിസിനസിൽ ചേരുകയായിരുന്നു. പിന്നീട് സ്ഥാപനത്തിന്റെ ചുമതല അദ്ദേഹം ഏറ്റെടുത്തു.

രാജ്യത്തെ തന്നെ മുൻനിര മസാലക്കൂട്ട് നിർമ്മാതാക്കളായ എംഡിഎച്ചിന് രാജ്യത്ത് 15 ഫാക്ടറികളുണ്ട്. ഒപ്പം ദുബായിലും ലണ്ടനിലും ഓഫീസുകളുമുണ്ട്. അറുപതിലധികം ഉൽപന്നങ്ങളാണ് കമ്പനി നിലവിൽ വിപണിയിലെത്തിക്കുന്നത്. ഇതിനെല്ലാം പുറമേ നിരവധി സ്കൂളുകളും ഡൽഹിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും കമ്പനിക്കുണ്ട്.