
ജിപ്സി അരങ്ങൊഴിഞ്ഞപ്പോൾ പകരക്കാരനായി ജിപ്സിയെക്കാൾ കരുത്തുള്ള ഒരു മോഡൽ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. ആഗോള നിരത്തുകളിലവതരിപ്പിച്ച ജിമ്നിയാണ് ജിപ്സിക്ക് പകരക്കാരനായെത്തുന്നത്. കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിൽ കമ്പനി ഈ വാഹനം പ്രദർശിപ്പിച്ചിരുന്നു. കൂടാതെ വാഹനത്തിന് പരീക്ഷ ഓട്ടത്തിന്റെ ദൃശ്യങ്ങൾ കമ്പനി പുറത്തു വിട്ടിട്ടുമുണ്ട്. കാർ ഡൈ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

പരമ്പരാഗത ബോക്സിങ് രൂപത്തിലാണ് വാഹനമൊരുക്കിയിരിക്കുന്നത്. വാഹനത്തിൻറെ 5 ഡോർ മോഡൽ ആയിരിക്കും ഇന്ത്യൻ വിപണിയിൽ എത്തിക്കുക എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ 3 ഡോർ സിയേറ മോഡലാണ് പരീക്ഷണയോട്ടത്തിനിറക്കിയിരിക്കുന്നത്. റൗണ്ട് ഷേപ്പിലുള്ള ഹെഡ് ലാമ്പ്, വീതികൂടിയ വീൽ ആർച്ച്, അഞ്ച് സ്ലാറ്റ് ബ്ലാക്ക് ഗ്രില്ല്, ഹാച്ച് ഡോറിൽ നൽകിയിരിക്കുന്ന സ്റ്റെപ്പിനി ടയർ, സ്റ്റൈലിഷായ റിയർ ബംബർ എന്നിവ വാഹനത്തിനെ സ്റ്റൈലിഷാക്കുന്നു.
103 ബിഎച്ച്പി പവറും 138 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനായിരിക്കും വാഹനത്തിന് കരുത്തേകുക. ഫോർവീൽ ഡ്രൈവ് സംവിധാനത്തിലെത്തുന്ന വാഹനത്തിന് അഞ്ച് സ്പീഡ് മാനുവൽ ഓട്ടോമാറ്റിക് ഗിയർ ബോക്സുകൾ ട്രാൻസ്മിഷൻ ഒരുക്കും. ഇന്ത്യയിലെത്തുന്ന സിയേറയുടെ അകത്തളത്തിലെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ലെതർ ഫിനിഷുള്ള സീറ്റുകൾ, ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീൽ, 7 ഇഞ്ച് സെൻട്രൽ ഇൻഫോർടൈൻമെന്റ് സിസ്റ്റം തുടങ്ങിയവ ഇൻറീരിയർ ആകർഷകമാക്കുമെന്ന് സൂചനകളുണ്ട്.