
മാരുതി സുസുക്കി ജിംനിയുടെ അഞ്ച് ഡോർ പതിപ്പിന്റെ നിർമാണം ഏപ്രിലിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ജനുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ജിംനിയുടെ ബുക്കിങ്ങും മാരുതി സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇതുവരെ 18000 ബുക്കിങ്ങാണ് ജിംനിക്ക് ലഭിച്ചത്. മാരുതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏപ്രിൽ ആരംഭിച്ച് മേയ് മാസത്തിൽ ജിംനി വിപണിയിലെത്തിയേക്കും.ഒരു മാസം 7000 യൂണിറ്റ് ജിംനികളാണ് ഇന്ത്യൻ വിപണിക്ക് നൽകുക. ഒരു വർഷം ഒരു ലക്ഷം യൂണിറ്റ് ജിംനികൾ നിർമിക്കാനാണ് സുസുക്കി പദ്ധതി. ഇതിൽ 66 ശതമാനം പ്രാദേശിക വിപണിക്കും ബാക്കി കയറ്റുമതി ചെയ്യുകയും ചെയ്യും.മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിലുള്ള ഓൾഗ്രിപ്പ് ഓൾവീൽ ഡ്രൈവ് സാങ്കേതിക വിദ്യയുടെ ഏറ്റവും അഡ്വാൻസിഡ് മോഡായ ഓൾഗ്രിപ്പ് പ്രോയാണ് ജിംനിയിൽ. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഇത് കാഴ്ചവയ്ക്കും. ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്. 36 ഡിഗ്രി അപ്രോച്ച് ആംഗിളും 24 ഡിഗ്രി റാംപ് ബ്രേക് ഓവർ ആംഗിളും 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും വാഹനത്തിലുണ്ട്.വിദേശ രാജ്യങ്ങളിൽ വിപണിയിലുള്ള വാഹനത്തിൽനിന്ന് ഇന്റീരിയറിൽ ചെറിയ മാറ്റങ്ങളുണ്ട്. 5 ഡോർ വാഹനമായതിനാൽ കൂടുതൽ ഇടം സൗകര്യപ്പെടുത്തിയിട്ടാണ് വാഹനം നിർമിച്ചത്. 9 ഇഞ്ച് സുസുക്കി സ്മാർട്ട്പ്ലേ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുണ്ട്. കൂടാതെ ആർക്കമീസിന്റെ സറൗണ്ട് സെൻസ് ശബ്ദ വിന്യാസവും.നിരവധി സുരക്ഷാ സംവിധാനങ്ങൾ ജിംനിയിലുണ്ട്. 6 എയർബാഗുകൾ, ബ്രേക് എൽഎസ്ഡി (ലിമിറ്റഡ് സ്ലിപ് ഡിഫ്രൻഷ്യൽ, ഹിൽഹോൾഡോടു കൂടിയ ഇഎസ്പി, ഹിൽ ഡിസന്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, എബിഎസ് ഇബിഡി എന്നിവയുമുണ്ട്.