
പ്രീമിയം വാഹനങ്ങളില്‍ ഒരുക്കിയിട്ടുള്ള ഫീച്ചറുകള്‍ നല്‍കി നിരത്തുകളില്‍ എത്തുകയാണ് മാരുതിയുടെ കോംപാക്ട് എസ്.യു.വി. മോഡലായ ബ്രെസ. നാളുകള്‍ നീണ്ട കാത്തിരിപ്പ് സമ്മാനിച്ച ഈ വാഹനം ജൂണ്‍ 30 അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മോഡലുകളില്‍ നല്‍കിയിരുന്ന വിത്താര ബ്രെസ എന്ന പേരില്‍ നിന്ന് വിത്താര അടര്‍ത്തിമാറ്റി ബ്രെസ മാത്രമായാണ് പുതിയ പതിപ്പ് എത്തുന്നത്.ബ്രെസയുടെ പരമ്പരാഗത ബോക്‌സി ഡിസൈന്‍ നിലനിര്‍ത്തി ഏതാനും ചില പുതുമകള്‍ വരുത്തിയാണ് പുതിയ മോഡലിന്റെ വരവ്. ഗ്ലോസി ബ്ലാക്ക് സ്ട്രിപ്പും യൂ ഷേപ്പില്‍ ക്രോമിയം ആവരണം നല്‍കിയാണ് ഗ്രില്‍ ഒരുങ്ങിയിട്ടുള്ളത്. ഡ്യുവല്‍ പോഡ് പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, പുതിയ ഡിസൈനില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, പവര്‍ ലൈനുകള്‍ അപ്രത്യക്ഷമായ ഫ്ളാറ്റ് ബോണറ്റ്, പൂര്‍ണമായും പുതുക്കി പണിതിട്ടുള്ള ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, പുതിയ അലോയി വീല്‍ എന്നിങ്ങനെ നീളുന്നു മുന്നിലെ മാറ്റങ്ങള്‍.വശങ്ങളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ബ്ലാക്ക് ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള വീല്‍ ആര്‍ച്ച്, ഇന്റിക്കേറ്റര്‍ ഇന്റഗ്രേറ്റ് ചെയ്ത റിയര്‍വ്യൂ മിറര്‍, ക്ലാഡിങ്ങ് നല്‍കിയുള്ള ഡോറുകള്‍ എന്നിവ വശങ്ങളില്‍ തുടരുന്നു. അതേസമയം, പിന്‍ഭാഗത്ത് നിരവധി മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. റാപ്പ്എറൗണ്ട് എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ബ്ലാക്ക് ക്ലാഡിങ്ങ് നല്‍കിയിട്ടുള്ള ബമ്പര്‍, മുന്‍ മോഡലിലേതിന് സമാനമായ ബ്രെസ ബാഡ്ജിങ്ങ് എന്നിവയാണ് പിന്നിലുള്ളത്.മുന്‍മോഡലിനെക്കാളും പ്രീമിയമാകും അകത്തളം. മികച്ച ഡിസൈനിലുള്ള ഡാഷ്ബോര്‍ഡ്, സുസുക്കി കണക്ട് സംവിധാനമുള്ള വലിപ്പം കൂടിയ ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കളര്‍ സ്‌ക്രീന്‍ നല്‍കിയിട്ടുള്ള പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍,സണ്‍റൂഫ്, പുതിയ എ.സി. വെന്റുകള്‍, പാഡില്‍ ഷിഫ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് പുതിയ ബ്രെസയുടെ അകത്തളത്തിലെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.മാരുതിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 1.5 ലിറ്റര്‍ കെ15സി പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം എത്തുക. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിലെത്തുന്നതിനാലാണ് ഉയര്‍ന്ന ഇന്ധനക്ഷമത പ്രതീക്ഷിക്കുന്നത്. അതേസമയം, എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍ മുന്‍ മോഡലിന് സമാനമായിരിക്കും 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷൻ ഓപ്ഷനുകളാണ് ഇതിലുള്ളത്.