
മികച്ച ബുക്കിങ്ങുമായി മുന്നേറുകയാണ് മാരുതി സുസുക്കി 5 ഡോർ ജിമ്നി. ജനുവരി 12 ന് ആരംഭിച്ച ബുക്കിങ് 15 ദിവസങ്ങൾ പിന്നിടുമ്പോൾ ലഭിച്ചത് 15000 കടന്നു. വില പ്രഖ്യാപിക്കുന്നതിന് മുൻപേയാണ് വൻബുക്കിങ്ങുമായി ജിമ്നി മുന്നേറുന്നത്. ഈ വർഷം മേയ് മാസത്തിൽ അഞ്ച് ഡോർ ജിമ്നിയുടെ വില മാരുതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജിമ്നിക്ക് സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലമുണ്ട്. കെ 15 ബി ഡ്യുവൽജെറ്റ് എൻജിനാണ് നിലവിൽ ജിമ്നിയുടെ രാജ്യാന്തര മോഡലുകളിൽ. അതേ കോൺഫിഗറേഷൻ തന്നെ സുസുക്കി ഇന്ത്യയിലുമെത്തിച്ചു. 104.8 എച്ച്പി കരുത്തും 134.2 എൻ എം ടോർക്കും ഈ എൻജിനുണ്ട്. 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ് ഈ എൻജിനുണ്ട്. 3985 എംഎം നീളവും 1720 എംഎം ഉയരവും 1645 എംഎം വീതിയും 2590 എംഎം വീൽബെയ്‌സും വാഹനത്തിനുണ്ട്. 15 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്.ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്. 36 ഡിഗ്രി അപ്രോച്ച് ആംഗിളും 24 ഡിഗ്രി റാംപ് ബ്രേക് ഓവർ ആംഗിളും 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും വാഹനത്തിലുണ്ട്.വിദേശ രാജ്യങ്ങളിൽ വിപണിയിലുള്ള വാഹനത്തിൽനിന്ന് ഇന്റീരിയറിൽ ചെറിയ മാറ്റങ്ങളുണ്ട്. 5 ഡോർ വാഹനമായതിനാൽ കൂടുതൽ ഇടം സൗകര്യപ്പെടുത്തിയിട്ടാണ് വാഹനം നിർമിച്ചത്. മികച്ച സീറ്റുകളും മികച്ച ഇൻഫോടെയിന്‍മെന്റ് സംവിധാനവുമാണ് എസ്‍യുവിക്ക്.