
ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് മാരുതി സുസുക്കിക്ക് പ്രവേശനം ഒരുക്കുന്ന വാഹനമാണ് വരവിനൊരുങ്ങിയിട്ടുള്ള ഗ്രാന്റ് വിത്താര. ജൂലായിയില്‍ പ്രദര്‍ശനത്തിനെത്തിയ ഈ വാഹനത്തിന് വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പ് ലഭിച്ചത് 33,000 ബുക്കിങ്ങുകളാണ്.വിലപ്രഖ്യാപനവും അവതരണവും അടുത്ത മാസം നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.സ്‌ട്രോങ്ങ് ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് മാരുതി സ്വീകരിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.ഗ്രാന്റ് വിത്താരയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള 33000 ബുക്കിങ്ങുകളില്‍ 48 ശതമാനവും ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്ന സ്‌ട്രോങ്ങ് ഹൈബ്രിഡ് പതിപ്പിനാണെന്നാണ് വിവരം. ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വി. എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നല്‍കിയിരിക്കുന്നത്. 27.97 കിലോ മീറ്റര്‍/ ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.