
എൻഐടി ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ് കമ്പനിക്ക് ഖത്തറിന്റെ ക്ഷണം. സ്റ്റോറിമാർട്ട് എന്ന ഇ കൊമേഴ്സ് സ്റ്റാർട്ടപ്പിനാണ് തങ്ങളുടെ രാജ്യത്തു പ്രവർത്തിക്കാനായി ഖത്തർ സർക്കാരിന്റെ ക്ഷണം ലഭിച്ചത്. ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിജിറ്റൽ ഇൻക്യുബേഷൻ സെന്റർ സംഘടിപ്പിച്ച ഐഡിയ ക്യാംപിൽ പങ്കെടുത്താണ് സ്റ്റോറിമാർട്ട് ഈ നേട്ടം സ്വന്തമാക്കിയത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ ക്യാംപിൽ പങ്കെടുത്തു. പല ഘട്ടങ്ങളായി നടന്ന സ്ക്രീനിങ്ങിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട 25 സ്റ്റാർട്ടപ്പുകളിലൊന്നാണ് സ്റ്റോറിമാർട്ട്. നൂതന ആശയങ്ങളും അതു നടപ്പാക്കാനുള്ള പദ്ധതിയും അവതരിപ്പിക്കുക എന്നതായിരുന്നു മത്സരം. കമ്പനിയുടെ പ്രവർത്തനങ്ങൾ ഖത്തറിലേക്ക് വ്യാപിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കും. ഓഫിസിനുള്ള സ്ഥലവും ആദ്യ ഒരു വർഷത്തേക്കു വേണ്ട മറ്റു സംവിധാനങ്ങളും ഖത്തർ സർക്കാർ നൽകും. ഒരു വർഷത്തിനുള്ളിൽ പ്രവർത്തനമികവ് തെളിയിച്ചാൽ കമ്പനിയെ ഗ്രാജ്വേറ്റഡായി പ്രഖ്യാപിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കും. ഉടൻ തന്നെ ഖത്തറിൽ പ്രവർത്തനമാരംഭിക്കാനിരിക്കുകയാണ് സ്റ്റോറിമാർട്ട്. ഖത്തറിൽ നിന്നുകൊണ്ട് ആഗോളതലത്തിൽ വികസിക്കുക എന്നതാണ് സ്റ്റോറിമാർട്ട് ലക്ഷ്യമിടുന്നത്.കോഴിക്കോട് സ്വദേശിയായ സുബൈർ പൊറോരയും മലപ്പുറം സ്വദേശിയായ നബീൽ ഹമദും ചേർന്ന് 3 വർഷം മുൻപാണ് സ്റ്റോറിമാർട്ട് ആരംഭിച്ചത്.നിലവിൽ 30ഓളം ജീവനക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നു.ബിസിനസ് ടു ബിസിനസ് പ്ലാറ്റ്ഫോമാണ് സ്റ്റോറിമാർട്ടിന്റെ സേവനം. കേരളത്തിനു പുറമേ ലോക്ഡൗണിൽ സൗത്ത് ആഫ്രിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഉപഭോക്താക്കളെ കണ്ടെത്താൻ സ്റ്റോറിമാർട്ടിനു സാധിച്ചു.