Auto
Trending

വിജയം ആവര്‍ത്തിക്കാന്‍ ഡിഫന്‍ഡര്‍ 90 കളത്തിലിറക്കി ലാന്‍ഡ് റോവര്‍

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ ഇന്ത്യയിലെ എസ്.യു.വി നിര കൂടുതൽ കരുത്താർജിക്കുന്നു. കഴിഞ്ഞ വർഷം വിപണിയിൽ എത്തി സൂപ്പർ ഹിറ്റായ ഡിഫൻഡർ 110 എസ്.യു.വിയുടെ പുതിയ പതിപ്പായ ഡിഫൻഡർ 90-ആണ് ലാൻഡ് റോവർ എസ്.യു.വി. നിരയിൽ എത്തിയിട്ടുള്ള പുതിയ വാഹനം.ഡിഫൻഡർ, എക്സ്-ഡൈനാമിക്, ഡിഫൻഡർ- എക്സ് എന്നീ വേരിയന്റുകളിൽ എസ്, എസ്.ഇ, എച്ച്.എസ്.ഇ. എന്നീ സ്പെസിഫിക്കേഷൻ പാക്കുകളിൽ എത്തുന്ന ഡിഫൻഡർ 90 എസ്.യു.വിക്ക് 76.57 ലക്ഷം രൂപ മുതൽ 1.12 കോടി രൂപ വരെയാണ് എക്സ്ഷോറും വില. ഡിഫൻഡർ 110-ന്റെ അവതരണ വേളയിൽ തന്നെ ഈ വാഹനം ഉറപ്പ് നൽകിയിരുന്നതാണ്.രൂപത്തിലും ഭാവത്തിലും ഡിഫൻഡർ 110-ന്റെ പിന്മുറക്കാരനായാണ് ഡിഫൻഡർ 90 മോഡലും എത്തിയിട്ടുള്ളത്. 110 പതിപ്പ് അഞ്ച് ഡോർ മോഡലാണെങ്കിൽ 90 മൂന്ന് ഡോർ മോഡലാണെന്നതാണ് പ്രധാന വ്യത്യാസം. ഡിഫൻഡർ 110-ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പുതിയ മോഡൽ എത്തുന്നതോടെ ലാൻഡ് റോവറിന്റെ ജനപ്രീതി ഉയരുമെന്നുമാണ് കമ്പനി വിലയിരുത്തുന്നത്.


മികച്ച ഓഫ് റോഡ് ഡ്രൈവ് ഒരുക്കുന്നതിനായി കോൺഫിഗർ ചെയ്യാൻ സാധിക്കുന്ന ടെറൈൻ റെസ്പോൺസ് സംവിധാനം ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. വെള്ളത്തിലൂടെയുള്ള ഡ്രൈവിങ്ങ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ടെറൈൻ റെസ്പോൺസ് 2 വാഡ് പ്രോഗ്രാമും ഡിഫൻഡർ 90-ൽ നൽകിയിട്ടുണ്ട്. മറ്റ് ലാൻഡ് റോവറുകളെ അപേക്ഷിച്ച് പേഴ്സണലൈസ് ചെയ്യാനുള്ള ഓപ്ഷനും ഇതിൽ ഒരുക്കുന്നുണ്ട്.പുറംമോടിയിൽ ആദ്യമെത്തിയ ഡിഫൻഡറിന് സമാനമാണ് ഡിഫൻഡർ 90. മുൻ നിരയിൽ ജംപ് സീറ്റ് ഒരുക്കി ആറ് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഡിഫൻഡർ 90-ന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഇൻഫോടെയ്ൻമെന്റ്, ക്ലൈമറ്റ് കൺട്രോൾ തുടങ്ങി ഇന്റീരിയറിലെ മറ്റ് ഫീച്ചറുകളെല്ലാം തന്നെ ഡിഫൻഡർ 110-ന് സമാനമായാണ് ഒരുങ്ങിയിട്ടുള്ളത്.രണ്ട് പെട്രോൾ എൻജിനിലും ഒരു ഡീസൽ എൻജിനിലുമാണ് ഡിഫൻഡർ 90 എത്തിയിട്ടുള്ളത്. 296 ബി.എച്ച്.പി. പവറും 400 എൻ.എം. ടോർക്കുമേകുന്ന 2.0 പെട്രോൾ, 394 ബി.എച്ച്.പി. പവറും 550 എൻ.എം. ടോർക്കുമേകുന്ന 3.0 ലിറ്റർ പെട്രോൾ, 296 ബി.എച്ച്.പി. പവറും 650 എൻ.എം. ടോർക്കുമേകുന്ന 3.0 ലിറ്റർ ഡീസൽ എന്നീ എൻജിനുകളാണ് ഡിഫൻഡർ 90-ൽ പ്രവർത്തിക്കുന്നത്.

Related Articles

Back to top button