
വിൻഡോസ് മെയിൽ, കലണ്ടർ ആപ്പ് എന്നീ ഡെസ്ക്ടോപ് ആപ്പുകളെ സംയോജിപ്പിച്ച് മൈക്രോസോഫ്റ്റ് പുത്തൻ ആപ്പ് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഔട്ട്‌ലുക്ക് എന്ന പേരിലാകും ആപ്പ് അവതരിപ്പിക്കുക. ഈ ആപ്പ് ഇപ്പോൾ നിർമ്മാണ ഘട്ടത്തിലാണ്. ട്വിറ്റർ ഉപഭോക്താവായ റിച്ചാർഡ് ഹെയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

നിർമ്മാണ ഘട്ടത്തിലായതുകൊണ്ടുതന്നെ പരിമിതിക്കുള്ളിൽ നിന്ന് മാത്രമേ ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കൂ. മൈക്രോസോഫ്റ്റിന്റെ പരീക്ഷണത്തിലിരിക്കുന്ന വലിയ പദ്ധതികളിലൊന്നാണിതെന്ന് വിൻഡോസ് സെൻട്രൽ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ ഇതിൻറെ അന്തിമരൂപം എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യം വ്യക്തമല്ല. അതേസമയം, വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സമ്പൂർണ്ണമായ പരിഷ്കരണത്തിനൊരുങ്ങുകയാണ് വിൻഡോസിപ്പോൾ. യൂസർ ഇന്റർഫേസിലെ അടിമുടി മാറ്റം പുത്തൻ വിൻഡോസ് പതിപ്പിൽ പ്രതീക്ഷിക്കാം.