Auto
Trending

ദീപാവലി ആഘോഷം കളറാക്കാനിറങ്ങിയത് 700 XUV700

ഇന്ത്യയിലെ വാഹന വിപണിയുടെ കൊയ്ത്ത് കാലമായാണ് ഉത്സവ സീസണിനെ വിശേഷിപ്പിക്കുന്നത്. ഇത്തവണ ഈ ആഘോഷം അക്ഷരാർഥത്തിൽ കളറാക്കിയത് മഹീന്ദ്രയാണ്. കമ്പനിയിൽ നിന്ന് ഏറ്റവുമൊടുവിൽ നിരത്തുകളിലെത്തിയ എക്സ്.യു.വി.700-ന്റെ വിതരണത്തിലൂടെയാണ് മഹീന്ദ്ര ദീപാവലി ആഘോഷമാക്കിയത്.ദീപാവലി ആഘോഷത്തിന്റെ ഭാഗമായി എക്സ്.യു.വി.700-ന്റെ 700 യൂണിറ്റാണ് ഉപയോക്താക്കൾക്ക് കൈമാറിയത്. ഒക്ടോബർ 30-ാണ് ഈ വാഹനത്തിന്റെ വിതരണം ആരംഭിച്ചത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ 700 വാഹനങ്ങളുടെ വിതരണം നടത്താനായത് വലിയ നേട്ടമായാണ് നിർമാതാക്കൾ കരുതുന്നത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന സെമി കണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം ആഗോള തലത്തിൽ തന്നെ വാഹന നിർമാണത്തെ ബാധിച്ചിരിക്കെയാണ് മഹീന്ദ്രയുടെ ഈ നേട്ടം.അതേസമയം, ഈ വാഹനം സ്വന്തമാക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നതായാണ് വിവരം. ഏറ്റവും ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് ഇതിനോടകം 70,000 ബുക്കിങ്ങുകൾ ഈ വാഹനത്തിന് ലഭിച്ചിട്ടുണ്ട്. ബുക്കിങ്ങ് തുറന്ന് ആദ്യ രണ്ട് ദിനങ്ങളിലെ മൂന്ന് മണിക്കൂറിനുള്ളിൽ 50,000 ബുക്കിങ്ങുകളാണ് ഈ വാഹനത്തിന് ലഭിച്ചിരുന്നത്. ഒരു മാസത്തോട് അടുക്കുമ്പോഴും വാഹനത്തിന് മികച്ച എൻക്വയറിയും ബുക്കിങ്ങ് വരുന്നുണ്ടെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളിൽ ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിൽ 20 മോഡലുകളായാണ് XUV700 വിൽപ്പനയ്ക്ക് എത്തുന്നത്. എക്സ്.യു.വി.700 പെട്രോൾ എൻജിൻ മോഡലുകളുടെ വിതരണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഡീസൽ മോഡലുകളുടെ വിതരണം ഈ മാസം ഒടുവിലോടെ ആരംഭിക്കാൻ സാധിക്കുമെന്നാണ് വിവരം. ജനുവരി 14-ന് മുമ്പായി 14,000 വാഹനങ്ങളുടെ വിതരണം പൂർത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. XUV700 പെട്രോൾ മോഡലിന് 12.49 ലക്ഷം മുതൽ21.29 ലക്ഷം രൂപ വരെയും ഡീസലിന് 12.99 ലക്ഷം മുതൽ 22.89 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

Related Articles

Back to top button