
ബാറ്ററിയിൽ ഓടുന്ന ചെറു ട്രാക്കുകൾ നിരത്തിലെത്തിച്ചിരിക്കുകയാണ് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്. പിക്കപ്പ്, ഡെലിവറി വാൻ, ഫ്ലാറ്റ് ബെഡ് എന്നീ മൂന്നു വകഭേദങ്ങളാണ് വൈദ്യുത വാഹനങ്ങളുടെ പ്ലാറ്റ്ഫോമായ ട്രിയോ അടിത്തറയാക്കി റിയോ സോർ വിപണിയിലെത്തിച്ചിരിക്കുന്നത്. മുച്ചക്രവാഹനമായ ട്രിയോ സോറിന് 2.73 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഡിസംബർ മുതൽ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിലെ ഡീലർഷിപ്പുകൾ വഴി വാഹനം വിൽപ്പനയ്ക്കെത്തും.

ഒറ്റ ചാർജിൽ 125 കിലോമീറ്റർ ഓടാൻ പ്രാപ്തിയുള്ള ബാറ്ററിയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഇത് 8 കിലോവാട്ട് കരുത്തും 42 എൻഎം ടോർക്കും സൃഷ്ടിക്കും. വാഹനത്തിൻറെ ബാറ്ററിക്ക് 1.50 ലക്ഷം കിലോമീറ്റർ ദൂരം പിന്നിടാനുള്ള ആയുസ്സുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 550 കിലോഗ്രാം ഭാരം വഹിക്കാൻ വാഹനത്തിന് കഴിയുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. മികവ് തെളിയിച്ച വൈദ്യുത മുച്ചക്ര വാഹന പ്ലാറ്റ്ഫോമാണ് ട്രിയോയെന്നും അത്യാധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ എത്തുന്ന ട്രിയോ സോറിന്റെ വകഭേദങ്ങൾക്ക് ഉപഭോക്താക്കളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാനുള്ള പ്രാപ്തി ഉണ്ടെന്നും മഹീന്ദ്ര ഇലക്ട്രിക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മഹേഷ് ബാബു പറഞ്ഞു.
വാഹനത്തിന് മൂന്നുവർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ നീളുന്ന വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പൂട്ടി സൂക്ഷിക്കാവുന്ന ഗ്ലൗ ബോക്സ്, 12 വോൾട്ട് സോക്കറ്റ്, 12 ആംപിയർ ഓഫ് ബോർഡ് ചാർജ്, ഹസാർഡ് ഇൻഡിക്കേറ്റർ, റിവേഴ്സ് ബസർ എന്നിവയുമായാണ് വാഹനം വിപണിയിലെത്തുന്നത്.