
ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സ്വന്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര ഥാർ. ഇതോടെ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡാറായി മാറിക്കഴിഞ്ഞു ഈ വാഹനം. സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് എന്നീ വകഭേദങ്ങളിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. മുതിർന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും ഈ വാഹനം 4 സ്റ്റാർ സ്വന്തമാക്കി.

കോവിഡ് സൃഷ്ടിച്ച കനത്ത വെല്ലുവിളികൾക്കിടയിലും മികച്ച വരവേൽപ്പാണ് ഇക്കഴിഞ്ഞ ഗാന്ധിജയന്തിദിനത്തിൽ അവതരിപ്പിച്ച ഥാറിന് നിരത്തുകളിൽ ലഭിച്ചത്. ഓൾ വീൽ ഡ്രൈവ് ലേഔട്ടോടെ പെട്രോൾ, ഡീസൽ എൻജിനുകൾ സഹിതമെത്തുന്ന വാഹനത്തിൻറെ എ എക്സ്,എൽ എക്സ് വകഭേദങ്ങൾക്ക് 9.80 ലക്ഷം രൂപ മുതൽ 13.7 5 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. വാഹന വ്യവസായം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച 2020-ലെ ഏറ്റവും വിജയകരമായ അവതരണമായി വിലയിരുത്തപ്പെടുന്നത് ഥാറിന്റെ അവതരണം തന്നെയാണ്. 152 ബിഎച്ച്പി വരെ കരുത്ത് സൃഷ്ടിക്കുന്ന രണ്ട് ലിറ്റർ എം സ്റ്റാലിയൻ പെട്രോൾ എൻജിനും 132 ബിഎച്ച്പി വരെ കരുത്ത് സൃഷ്ടിക്കുന്ന 2.2 ലിറ്റർ എം ഹോക്ക് ഡീസൽ എൻജിനുമാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. ഒപ്പം ഫോർവീൽ ഡ്രൈവും മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസും വാഹനത്തിൻറെ എല്ലാ വകഭേദങ്ങളിലും നൽകിയിട്ടുണ്ട്.