
വാഹന പ്രേമികളെ ആവേശത്തിലാഴ്ത്തിയ മഹീന്ദ്ര ഥാർ പുതിയ നിറങ്ങളിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പുതുതായി വൈറ്റ്, സിൽവർ നിറങ്ങളിലായിരിക്കും വാഹനം അവതരിപ്പിക്കുക. നിലവിൽ അക്വാമറീൻ, റോക്കി ബീജ്, നാപോളി ബ്ലാക്ക്, റെഡ് റേജ്, മിസ്റ്റിക് കോപ്പർ,അക്വാമറീൻ ഗ്യാലക്സി ഗ്രേ എന്നീ ആറു നിറങ്ങളിലാണ് കമ്പനി വാഹനം വിൽപ്പനയ്ക്കെത്തിക്കുന്നത്.

കൊറോണാ വൈറസ് വ്യാപനം വിപണിയിൽ സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിൽ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പുതുതലമുറ ഥാർ അരങ്ങേറ്റം കുറിച്ചത്. ഓൾ വീൽ ഡ്രൈവ് ലേ ഔട്ടോടെ പെട്രോൾ, ഡീസൽ എൻജിനുകൾ സഹിതം പുതുതലമുറ ഥാർ ലഭ്യമാണ്. സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് സാധ്യതകളോടെ എ എക്സ്,എൽ എക്സ് ശ്രേണികളിലാണ് ഈ വാഹനം വിൽപ്പനക്കുള്ളത്. നിലവിൽ 9.80 ലക്ഷം രൂപ മുതൽ 13.75 ലക്ഷം രൂപ വരെയാണ് വാഹനത്തിൻറെ ഷോറൂം വില. എന്നാൽ പുതു വർഷത്തോടെ ഥാർ അടക്കമുള്ള വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്.