
പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ആൾട്ടുറാസ് ജി4 ഉൽപാദനം നിർത്താനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. മഹീന്ദ്രയും ദക്ഷിണകൊറിയൻ വാഹന നിർമ്മാതാക്കളായ സാങ്യോങും തമ്മിലുള്ള സഹകരണം അവസാനിച്ചതോടെയാണ് ഈ വാഹനത്തിൻറെ ഉത്പാദനം അവസാനിപ്പിക്കാൻ ആലോചിക്കുന്നത്.

2019 പകുതിയോടെയാണ് ആൾട്ടുറാസ് ജി4 ഇന്ത്യയിൽ അവതരിപ്പിച്ചത്. 2020ഏപ്രിലിൽ ബിഎസ് 6 നിലവാരത്തിലുള്ള എൻജിനിലേക്ക് ഈ വാഹനം മാറുകയും ചെയ്തിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് മഹീന്ദ്രയുടെ ചാകൻ പ്ലാൻറിൽ നിർമിച്ചാണ് ഈ വാഹനം ഇന്ത്യയിലെത്തുന്നത്. എന്നാൽ ഇനി കുറച്ചു യൂണിറ്റുകൾ നിർമ്മിക്കുന്നതിനുള്ള ഉൽപ്പന്നങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്നും ഇതിനു ശേഷം ഉല്പാദനം നിർത്തിയേക്കുമെന്നുമാണ് ഓട്ടോമൊബൈൽ ന്യൂസ് പോർട്ടലായ ടീം ബിഎച്ച്പി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സാങ്യോങ് ആഗോളതലത്തിൽ അവതരിപ്പിച്ചിട്ടുള്ള റെക്സ്റ്റർ എസ്‌യുവിയുടെ മഹീന്ദ്ര പതിപ്പായ്ണ് ആൾട്ടുറാസ് ജി4 ഇന്ത്യൻ നിരത്തുകളിലെത്തിയത്. ഉയർന്ന സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുള്ള വാഹനം കൂടിയാണിത്.