
ബാങ്കിതര ധനകാര്യ സ്ഥാപനമായ മാഗ്മ ഫിൻകോർപിൽ വൻ നിക്ഷേപം നടത്തിയിരിക്കുകയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പുനവാല. 3,456 കോടിരൂപ മുടക്കി കമ്പനിയുടെ 60 ശതമാനം ഓഹരികളാണ് അദ്ദേഹത്തിൻറെ റൈസിംഗ് സൺ ഹോൾഡിങ്സ് സ്വന്തമാക്കുന്നത്. ഇടപാട് പൂർത്തിയാകുന്ന മുറയ്ക്ക് കമ്പനിയുടെ പേര് പുനവാല ഫിനാൻസ് എന്നാക്കി മാറ്റും.

മുൻഗണന ഓഹരി അലോട്ട്മെൻറ് വഴിയാണ് 3,456 കോടിരൂപ നിക്ഷേപം നടത്തിയതെന്ന് മാഗ്മ ഫിൻകോർപ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. സഞ്ജയ് ചമ്രിയയും മായങ്ക് പോധറുമാണ് മാഗ്മ ഫിൻകോർപ് സ്ഥാപകർ. ഭവന നിർമ്മാണം, വാണിജ്യ വാഹനങ്ങൾ, കാറുകൾ, എസ്എംഇ എന്നീ മേഖലകളിലായി 15,000 കോടി രൂപയിലേറെയാണ് കമ്പനി നൽകിയിട്ടുള്ള വായ്പ.