Auto
Trending

സ്വിച്ചിട്ടാൽ നിറം മാറും കാറൊരുക്കാനൊരുങ്ങി ബി.എം.ഡബ്ല്യു.

ഒരു സ്വിച്ച് അമർത്തിയാൽ വാഹനത്തിന്റെ നിറം മാറുന്നു, ഇത്തരത്തിൽ ഇഷ്ടത്തിനനുസരിച്ച് കാർ പല നിറങ്ങളിലേക്ക് മാറ്റുന്നു. ഈ ആശയം യാഥാർഥ്യമാക്കുകയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യു. ലാസ് വേഗസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ ഷോ 2022-ലാണ് ഇത്തരത്തിൽ നിറം മാറാൻ കഴിയുന്ന വാഹനത്തിന്റെ കൺസെപ്റ്റ് ബി.എം.ഡബ്ല്യു എത്തിച്ചിരിക്കുന്നത്.ബി.എം.ഡ്ബ്ല്യുവിന്റെ ഇലക്ട്രിക് മോഡലായ ഐ.എക്സ്. ഫ്ളോ എന്ന കൺസെപ്റ്റ് മോഡലിലാണ് ഈ സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളത്. ഇ-ലിങ്ക് എന്ന കമ്പനിയുമായി ചേർന്നാണ് വാഹനത്തിൽ ഈ സംവിധാനം പരീക്ഷിച്ചിരിക്കുന്നത്. ഇലക്ട്രോഫോറെറ്റിക് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വാഹനത്തിൽ ഈ സംവിധാനം ഒരുങ്ങുന്നത്. വാഹനത്തിനുള്ളിലെ ഡിജിറ്റലൈസേഷൻ എക്സ്റ്റീരിയറിലേക്കും എത്തിക്കുന്നതിന്റെ ചുവടുവയ്പ്പായാണ് ഇതിലെ വിശേഷിപ്പിക്കുന്നത്.കൺസപ്റ്റ് മോഡൽ അനുസരിച്ച് കാറിന്റെ പുറംഭാഗത്തെ നിറം കറുപ്പിൽനിന്ന് വെളുപ്പിലേക്ക് അല്ലെങ്കിൽ കറുപ്പും വെളുപ്പും ചേർന്ന ഗ്രാഫിക്സ് പാറ്റേണുകളിലേക്കാണ് മാറ്റാൻ കഴിയുക. വാഹനത്തിന് പ്രത്യേകമായി വികസിപ്പിച്ചെടുത്ത ബോഡി റാപ്പ് ഉപയോഗിച്ചാണ് ഈ മാറ്റങ്ങൾ സാധ്യമാക്കുന്നത്. ഇലക്ട്രിക് സിഗ്നലുകളുടെ സഹായത്തോടെ ഇലക്ട്രോഫോറെറ്റിക് സാങ്കേതികവിദ്യ വ്യത്യസ്ത നിറങ്ങളിലേക്ക് മാറുകയും ഇതുവഴി വാഹനത്തിന് ഇഷ്ടമുള്ള നിറത്തിലേക്ക് മാറാനും സാധിക്കും.വാഹനം തനിയെ നിറം മാറുന്ന സാങ്കേതികവിദ്യയിലൂടെ വാഹനം മോടിപിടിപ്പിക്കുന്നതിന് പുറമെ യാത്രക്കാരുടെ ആരോഗ്യത്തിനും ഗുണകരമാകുമെന്നാണ് വിലയിരുത്തലുകൾ. കറുപ്പ് പോലുള്ള ഇരുണ്ട നിറം മറ്റ് നിറങ്ങളെക്കാൾ ചൂട് വലിച്ചെടുക്കുന്നതാണ്. തണുപ്പ് കാലത്ത് വാഹനം ഇത്തരം ഇരുണ്ട നിറങ്ങളിലേക്ക് മാറ്റാനും ചൂട് കാലത്ത് ഇളം നിറങ്ങളിലേക്ക് മാറാനും സാധിക്കുന്നതിലൂടെ യാത്രക്കാരുടെ ആരോഗ്യവും സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഡ്രൈവറിന്റെ സൗന്ദര്യ സങ്കൽപ്പത്തിന് അനുസരിച്ച് വാഹനത്തിന്റെ നിറം മാറ്റാൻ സാഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഇ-ഇങ്ക് ഒരുക്കുന്നത്. ഇത് വാഹനത്തെ മനോഹരമാക്കുന്നതിനും അലങ്കരിക്കുന്നതിനും വലിയ സാധ്യതയാണ് ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാങ്കേതികവിദ്യയിലൂടെ ഭാവി വാഹനങ്ങളുടെ അകവും പുറവും ഒരുപോലെ അലങ്കരിക്കുന്നതിന് കൂടുതൽ സാധ്യതകൾ ഒരുക്കുകയാണ് നിർമാതാക്കളുടെ ലക്ഷ്യമെന്നാണ് വിലയിരുത്തലുകൾ.

Related Articles

Back to top button