
ഡിജിറ്റൽ ലോകത്തിന് ഒരു പ്രധാന പ്രോത്സാഹനമായി റിലയൻസ് ജിയോ, ജിയോ പേജസ് എന്നപേരിൽ സ്വന്തമായി നിർമ്മിച്ച ബ്രൗസർ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചു. ഗൂഗിൾ ക്രോം അടക്കമുള്ള ലോകത്തെ ഭൂരിഭാഗം ബ്രൗസറുകളും ഉപയോഗിച്ചുവരുന്ന ക്രോമിയം പ്ലാറ്റ്ഫോമിൽ നിർമ്മിച്ചതാണ് ജിയോ പേജസ്. ഈ പുതിയ ബ്രൗസർ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ക്രോമിയം ബ്ലിങ്ക് എൻജിൻ അതിവേഗ ബ്രൗസിങ് സാധ്യമാകുന്നുവെന്ന് വാഗ്ദാനം ചെയ്യുന്നു. വേഗത്തിൽ ലോഡാകാനും സ്ട്രീമിംഗിനും എൻക്രിപ്റ്റഡ് കണക്ഷൻ നൽകാനും ഇതിലൂടെ സാധിക്കുന്നു.

ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി എന്നീ എട്ട് ഇന്ത്യൻ ഭാഷകളെ ജിയോ പേജസ് പിന്തുണക്കുന്നു. ഉപഭോക്താക്കൾക്ക് താല്പര്യമുള്ള ഭാഷ തിരഞ്ഞെടുക്കാനും വിവിധ സംസ്ഥാനങ്ങളിൽനിന്ന് അവരുടെ പ്രാദേശിക മുൻഗണനകൾ സജ്ജീകരിക്കാനും സാധിക്കും. ഒപ്പം ബ്രൗസറിന്റെ തീം മാറ്റാനും സാധിക്കും. പുതിയ വാർത്തകൾ വരുമ്പോൾ ഉപഭോക്താവിന്റെ താല്പര്യം അറിഞ്ഞ് അവയുടെ പ്രാധാന്യം അനുസരിച്ച് നോട്ടിഫികേഷനുകൾ നൽകും. ഇതിനുപുറമെ ഇൻഫർമേറ്റിവ് കാർഡ് എന്നൊരു ഫീച്ചറും ഇതിൽ നൽകിയിട്ടുണ്ട്. ഒപ്പം ആധുനിക ഡൗൺലോഡ് മാനേജറും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഏതുതരം ഫയലുകളാണ് ഡൗൺലോഡ് ചെയ്യുന്നതെന്ന് മനസ്സിലാക്കി അവ വിവിധ സ്ഥലങ്ങളിൽ സൂക്ഷിക്കാനാകും. ഇനി വരാനിരിക്കുന്ന ജിയോ സ്മാർട്ട്ഫോണുകളിൽ ജിയോ പേജസായിരിക്കും ഡിഫോൾട്ട് ബ്രൗസറെന്ന് പ്രതീക്ഷിക്കാം.