
മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ സ്റ്റോർ ‘മൊബൈൽ സേവ ആപ്സ്റ്റോർ’ പരീക്ഷണഘട്ടത്തിലാണെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ അറിയിച്ചു. കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും ഉൾപ്പെടെ 965 മൊബൈൽ ആപ്ലിക്കേഷനുകൾ നിലവിൽ സ്റ്റോറിലുണ്ടെന്നും കൂടുതൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആപ്പിൾ, ഗൂഗിൾ കമ്പനികളുടെ കീഴിലുള്ള ആപ് സ്റ്റോറുകൾക്ക് പകരം ഇന്ത്യയിൽ തന്നെ സ്വന്തം ആപ് സ്റ്റോർ സജീവമാക്കാനാണ് പുതിയ നീക്കം. ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ പേടിഎം പോലുള്ള നിരവധി കമ്പനികൾ നിയമ വെല്ലുവിളി നേരിടുന്ന സമയത്താണ് സർക്കാരിന്റെ തന്നെ ആപ് സ്റ്റോർ വരുന്നതെന്നതും ശ്രദ്ധേയമാണ്.ഗൂഗിളും ആപ്പിളും ആപ്ലിക്കേഷനുകൾ ഹോസ്റ്റ് ചെയ്യുന്നതിന് 30 ശതമാനം വരെ ഫീസ് ഈടാക്കുന്നുണ്ട്. എന്നാൽ, സർക്കാർ സ്റ്റോറിൽ ഫീസ് ഈടാക്കില്ല. ലഭ്യമായ റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡ് ഫോണുകൾ സർക്കാർ ആപ് സ്റ്റോറിലെ ആപ്ലിക്കേഷനുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് നിർബന്ധമാക്കാനുള്ള പദ്ധതിയും പരിഗണിക്കുന്നുണ്ടെന്നാണ്.