
അഞ്ചുവർഷമായി കനത്ത നഷ്ടം നേരിടുന്നതിനെത്തുടർന്ന് പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ എൽ ജി സ്മാർട്ട് ഫോൺ വ്യാപാരം അവസാനിപ്പിച്ചേക്കുമെന്ന് സൂചന. അഞ്ചുവർഷത്തിനിടെ 450 കോടി ഡോളറിന്റെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. ഇതോടെ ഈ വർഷം തന്നെ കമ്പനി സ്മാർട്ട് ഫോൺ വിപണിയിൽ നിന്ന് പിന്മാറിയേക്കും.

കമ്പനിയുടെ സ്മാർട്ട്ഫോൺ വിഭാഗത്തിലുള്ള പ്രവർത്തനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്താൻ ആലോചിക്കുന്നതായി എൽജി സിഇഒ ക്വോൻ ബോങ് സിയോക് ജീവനക്കാരെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. വിൽപ്പനയിൽ മാറ്റം വരുത്തുക, വിപണിയിൽ നിന്ന് പിന്മാറുക, സ്മാർട്ട്ഫോൺ വ്യാപാരം ലഘൂകരിക്കുക തുടങ്ങിയ മാറ്റങ്ങളാണ് കമ്പനി ആലോചിക്കുന്നത്. എന്തു മാറ്റം വന്നാലും തൊഴിലാളികൾക്കാർക്കുംതന്നെ തൊഴിൽ നഷ്ടപ്പെടില്ലെന്ന് കമ്പനി മേധാവി ഉറപ്പുനൽകിയിട്ടുണ്ട്.