
മൊബൈൽ ഫോൺ നിർമാണ ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് പ്രമുഖ കൊറിയൻ കമ്പനി എൽജി അറിയിച്ചു. വൈദ്യുത വാഹനഘടകങ്ങൾ, റോബട്ടിക്സ്, നിർമിത ബുദ്ധി, മറ്റുൽപന്നങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കാനാണ് നഷ്ടത്തിലുള്ള ഫോൺ ബിസിനസ് നിർത്തുന്നതെന്നു കമ്പനി പറയുന്നു.

ഒരു കാലത്ത് ലോക മൊബൈൽ ഹാൻഡ്സെറ്റ് വിപണിയിൽ മൂന്നാം സ്ഥാനത്തായിരുന്ന എൽജി ചൈനീസ് കമ്പനികളുടെ കടന്നുവരവോടെ പിന്നാക്കം പോകുകയായിരുന്നു.അമേരിക്കയിൽ ആപ്പിളിനും സാംസങ്ങിനും പിന്നിൽ മൂന്നാം സ്ഥാനത്ത് എൽജിയാണ്. 2020 അവസാനപാദത്തിൽ മുൻകൊല്ലം ഇതേ കാലത്തെക്കാൾ 5% വിൽപന കൂടിയെങ്കിലും ലാഭക്ഷമത കുറയുകയായിരുന്നു.ഈ സാഹചര്യത്തിലാണ്, സ്റ്റോക്കുള്ള ഫോണുകൾ മാത്രം വിറ്റിട്ട് ജൂലൈ അവസാനത്തോടെ രംഗം വിടാമെന്നു തീരുമാനിച്ചത്. ഉപയോക്താക്കൾക്ക് സർവീസ്, സ്പെയർ, സോഫ്റ്റ്‌വെയർ പിന്തുണ തുടരുമെന്നും കമ്പനി പറഞ്ഞു.