
അടുത്ത മാസം എൽഇഡി ടിവിയുടെ വില 2000–7000 രൂപ വരെ വർധിച്ചേക്കും. ടിവിയിൽ ഉപയോഗിക്കുന്ന ഓപ്പൺ സെൽ പാനലിന്റെ വില രാജ്യാന്തര വിപണിയിൽ വർധിക്കുന്ന സാഹചര്യത്തിലാണിത്. പാനസോണിക്, ഹയർ തുടങ്ങിയ ബ്രാൻഡുകൾ അടുത്ത മാസം മുതൽ നിരക്കു വർധിപ്പിക്കുമെന്നു അറിയിച്ചിട്ടുണ്ട്. എൽജി ഉൾപ്പെടെയുള്ള കമ്പനികൾ വിലവർധന നടപ്പാക്കി കഴിഞ്ഞു.

ടിവിക്ക് 5–7% വരെ വില ഉയരുമെന്നു പാനസോണിക് ഇന്ത്യ–സൗത്ത് ഏഷ്യ പ്രസിഡന്റ് മനീഷ് ശർമ വ്യക്തമാക്കി. ഏതാനും മാസങ്ങളായി ഓപ്പൺ സെൽ പാനലിന്റെ വില വർധിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ടിവിയുടെ വില വർധിപ്പിക്കുക അല്ലാതെ മാർഗമില്ലെന്ന് കമ്പനികൾ പറയുന്നു.എൽഇഡി ടിവി പാനലുകൾക്കു കഴിഞ്ഞ30 ദിവസത്തിനിടെ മാത്രം 35% വിലവർധന ഉണ്ടായി. എൽഇഡി ടിവി നിർമാണത്തിൽ സുപ്രധാന ഘടകമാണ് ഇറക്കുമതി ചെയ്യുന്ന ഓപ്പൺ സെൽ പാനലുകൾ. ടിവി യൂണിറ്റിന്റെ നിർമാണച്ചെലവിന്റെ 60% വരെ ഇവയ്ക്കു വേണ്ടിവരുന്നു. രാജ്യത്ത് ഏറെ വിറ്റഴിക്കപ്പെടുന്ന 32 ഇഞ്ച് എൽഇഡി ടിവിക്കു 5000–6000 രൂപ വില കൂടിയേക്കും എന്നാണ് സൂചന. ദക്ഷിണ കൊറിയൻ കമ്പനിയായ എൽജി, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 5–10% വില വർധിപ്പിച്ചിരുന്നു. വില നിയന്ത്രണത്തിനു സർക്കാർ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.