
ഇനി മുതൽ രാജ്യത്തെ ലാൻഡ് ഫോണുകളിൽ നിന്ന് മൊബൈൽ ഫോണിലേക്ക് വിളിക്കാൻ നിലവിലെ പത്തക്ക നമ്പറിൽ മുന്നിൽ പൂജ്യം ചേർക്കണം. ഇതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നൽകിയ ശുപാർശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. ഇതോടെ പുതിയ രീതി പുതുവർഷം മുതൽ പ്രാബല്യത്തിൽ വരും.

വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ലാൻഡ് ലൈനുകൾക്കും മൊബൈൽ ഫോണുകൾക്കും ആവശ്യത്തിനു നമ്പറുകൾ നൽകാൻ കൂടുതൽ സൗകര്യം ലഭിക്കുന്നതിനാണ് ഈ പുതിയ രീതി നടപ്പാക്കുന്നത്. ജനുവരി ഒന്നു മുതൽ പുതിയ സംവിധാനം നടപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങളൊരുക്കാൻ വിവിധ ടെലികോം കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കുന്നതോടെ 254.4 കോടി പുതിയ പത്തക്ക നമ്പറുകൾ കൂടി സൃഷ്ടിക്കാൻ ടെലികോം കമ്പനികൾക്ക് കഴിയും. ഇക്കഴിഞ്ഞ 29നായിരുന്നു ഇതുമായി ബന്ധപ്പെട്ട ശുപാർശ ട്രായ് സമർപ്പിച്ചത്.