
കെടിഎംന്റെ പുത്തൻ ബൈക്കായ കെടിഎം 250 അഡ്വഞ്ചർ വിപണിയിൽ അവതരിപ്പിച്ചു. അഡ്വഞ്ചർ ബൈക്കുകളുടെ വിപണന സാധ്യത ലക്ഷ്യംവച്ചവതരിപ്പിച്ച ഈ ബൈക്കിന് 2,48,256 രൂപയാണ് വില. അഡ്വഞ്ചർ ബൈക്ക് മേഖലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം മികച്ച തുടക്കം നൽകുന്ന വാഹനമാണ് കെടിഎം 250 അഡ്വഞ്ചർ എന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

മികച്ച രീതിയിലാണ് വാഹനം രൂപകൽപന ചെയ്തിരിക്കുന്നത്. അലോയ് വീൽ, ടിഎഫ്ടി ഡിസ്പ്ലേ സ്ക്രീൻ, എൽഇഡി ഡേടൈം റണ്ണിങ് ലാബ് സഹിതമുള്ള ഹാലജൻ ഹെഡ്ലൈറ്റ് എന്നിവയും വാഹനത്തിൽ നൽകിയിരിക്കുന്നു. എന്നാൽ ക്വിക്ക് ഷിഫ്റ്റർ,ക്വിക്ക് കോർണറിങ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവ ബൈക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ബി എസ് 6 നിലവാരമുള്ള 248.8 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എൻജിന് പരമാവധി 30 ബിഎച്ച്പി കരുത്തും 23 എൻഎം ടോർക്കും സൃഷ്ടിക്കാനാകും. ആറു സ്പീഡ് ഗിയർ ബോക്സാണ് ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഡാഷ്ബോർഡിലെ ബട്ടൺ വഴി പ്രവർത്തനക്ഷമമാകുന്ന ഓഫ് റോഡ് മോഡാണ് വാഹനത്തിൻറെ പ്രധാനസവിശേഷത. 200 എംഎം ഗ്രൗണ്ട് ക്ലിയറൻസോടെ എത്തുന്ന ബൈക്കിന്റെ മുൻ സസ്പെൻഷൻ 170 എംഎം സഞ്ചാര ശേഷിയുള്ള, 43 എം എം ഡബ്ല്യൂപി അപെക്സ് അപ്സൗഡ് ഡൗൺ ഫോർക്കാണ്. ഒപ്പം പിൻ ഷോക്അപ്സറിന് 177 എംഎം സഞ്ചാര ശേഷിയുണ്ട്. 14.5 ലിറ്ററാണ് വാഹനത്തിൻറെ ഇന്ധന ടാങ്കിന്റെ സംഭരണശേഷി.