
യാത്രക്കാരെ ആകർഷിക്കാൻ അധിക സൗകര്യത്തോടെ ‘ അൺലിമിറ്റഡ് ഓഡിനറി സർവീസ് ‘ തുടങ്ങാനൊരുങ്ങുകയാണ് കെഎസ്ആർടിസി.ഇതിൻ്റെ ഭാഗമായി ഓഡിനറി ബസുകൾ ഇനി സ്റ്റോപ്പിൽ മാത്രം നിർത്തിയാൽ പോരെന്നാണ് പുതിയ നിർദ്ദേശം. യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് നിർത്തി കയറ്റുകയും ഇറക്കുകയും ചെയ്യണം.

കെഎസ്ആർടിസിയുടെ ജൂണിലെ വരുമാനം 32 കോടി രൂപയായിരുന്നു. അതിൽ 22 കോടിയും ഇന്ധന ചെലവിനായി മാറ്റിവെക്കേണ്ടി വന്നു.ഈ സാഹചര്യത്തിൽ ചെലവ് കുറക്കുകയും വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം.
പുതിയ പദ്ധതിയുടെ ഭാഗമായി ഓരോ കിലോമീറ്ററിലും ചുരുങ്ങിയത് 25 രൂപയെങ്കിലും കിട്ടാത്ത ഷെഡ്യൂളുകൾ പുനഃക്രമീകരിക്കും. എന്നാൽ സിറ്റി ഓഡിനറി സർവീസുകൾ പേരിനു മാത്രമുള്ള വടക്കൻകേരളത്തിൽ ‘അൺലിമിറ്റഡ് ഓഡിനറി’ സർവീസുകൾ ഇപ്പോൾ തുടങ്ങേണ്ടെന്നും നിർദ്ദേശമുണ്ട്.
സെപ്റ്റംബറിൽ എല്ലാ യൂണിറ്റിലും ഇന്ധനച്ചെലവ് 15 ശതമാനം കുറച്ച് , വരുമാനം 25 ശതമാനം വർദ്ധിപ്പിക്കുക എന്നതാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. എന്നാൽ ദിവസേന അയ്യായിരത്തിലധികം ഷെഡ്യൂളുകൾ നടത്തിയിരുന്ന കെഎസ്ആർടിസി ഇപ്പോൾ 1500 ഷെഡ്യൂളുകൾ മാത്രമാണ് നടത്തുന്നത്.