
ബസ്സുകൾ വരുന്നതും പോകുന്നതും യാത്രക്കാരെ അറിയിക്കാൻ കെഎസ്ആർടിസി പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം ഉടൻ നടപ്പാക്കും. സ്റ്റാൻഡുകളിൽ ആദ്യമെത്തുന്ന ബസ്, റൂട്ടിലെ ബസ്സുകളുടെ ലൊക്കേഷൻ, ഒഴിവുള്ള സീറ്റുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങളായിരിക്കും ഈ പുതിയ സംവിധാനത്തിലൂടെ യാത്രക്കാർക്ക് അറിയാൻ സാധിക്കുക.

ഇതിനായി പുതിയ മൊബൈൽ ആപ്പും അവതരിപ്പിക്കും.ഈ പുത്തൻ രീതിയിലേക്ക് മാറുന്നതിന്റെ ഭാഗമായി ബസുകളിൽ ജിപിഎസ് ഘടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 50 ബസ്സുകളിലാണ് ജിപിഎസ് ഘടിപ്പിക്കുന്നത്. പിന്നീടിത് 5500 ബസുകളിലേക്ക് വ്യാപിപ്പിക്കും. ബസ്സുകളുടെ വേഗം സംബന്ധിച്ച വിവരങ്ങളും ഇതുവഴി അറിയാൻ സാധിക്കും. ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനവും നൽകിയിട്ടുണ്ട്. ഒപ്പം ബസ് സ്റ്റാൻഡുകളിൽ ഉടൻതന്നെ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കും. ബസ്സുകളിലും ഇത്തരത്തിലുള്ള ഡിസ്പ്ലേ ബോർഡുകൾ ഉണ്ടായിരിക്കും. ഈ പദ്ധതിയുടെ ഏകോപനത്തിനായി കൺട്രോൾ റൂമും യാത്രക്കാർക്കുള്ള സഹായ കേന്ദ്രങ്ങളും സ്ഥാപിക്കും.