
ഇനി മലയാളത്തിലെ വീഡിയോകൾ ഒരു കുടക്കീഴിലാകും. മലയാളത്തിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോം ‘കൂടെ’ ആരംഭിച്ചു. ഇന്ത്യയിലെ ആദ്യ ഓടിടി പ്ലാറ്റ്ഫോമായ ഐസ്ക്രീം. കോം അവതരിപ്പിച്ച സ്റ്റുഡിയോ മോജോ പ്രൈവറ്റ് ലിമിറ്റഡാണ് ഇതിൻറെ സൃഷ്ടാക്കൾ. പ്രധാനമായും മലയാളത്തിലെ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരിനിന്നുള്ള ഉള്ളടക്കങ്ങളാകും ആദ്യം കൂടെയിലുൾപ്പെടുത്തുക. യാത്ര, ഭക്ഷണം, ഹ്രസ്വചിത്രങ്ങൾ, പോഡ്കാസ്റ്റുകൾ, മലയാളം വാർത്താചാനലുകളുടെ സ്ട്രീമിംഗ്, പൊന്മുട്ട പോലുള്ള പരിപാടികൾ എന്നിവയും കൂടെയിൽ ലഭ്യമാകും.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് അവരുടെ ഹൃദയത്തോട് ചേർത്തു നിർത്താൻ കഴിയുന്ന ഉള്ളടക്കങ്ങൾ കണ്ടെത്താൻ സഹായിക്കുക എന്നതാണ് കൂടെയിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്റ്റുഡിയോ മോജോ സിഇഒയും സ്ഥാപകനുമായ രാധാകൃഷ്ണൻ രാമചന്ദ്രൻ പറഞ്ഞു. മലയാളത്തിലെ മുൻനിര കണ്ടന്റ് ക്രിയേറ്റർമാരിൽ നിന്നുള്ള ഉള്ളടക്കങ്ങളാണ് ഇതിൽ കൊണ്ടുവരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന എഴുത്തുകാരും, തിരക്കഥാകൃത്തുക്കളുമടങ്ങുന്ന വിദഗ്ധ സമിതിയാണ് ഇതിലേക്കുള്ള ഉള്ളടക്കങ്ങൾ തിരഞ്ഞെടുക്കുന്നത്. ‘കിടു’ എന്നപേരിൽ ടിക്ടോക്കിനു സമാനമായ ഹ്രസ്വ വീഡിയോകൾ പങ്കുവയ്ക്കുന്നതിനുള്ള ഒരു വിഭാഗവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്