
കേരള മാനേജ്മെൻറ് അസോസിയേഷന്റെ 2020ലെ ലീഡർഷിപ്പ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ചെയർമാൻ എംആർ കുമാറാണ് പുരസ്കാരത്തിനർഹനായത്. ഒപ്പം ടെക്നോളജി ലീഡർഷിപ്പ് പുരസ്കാരം എഡിജിപി മനോജ് എബ്രഹാമിനാണ്.ഈ മാസം 12ന് ചീഫ് സെക്രട്ടറി ഡോ.വിശ്വാസ മേത്ത ഓൺലൈനായി അവാർഡുകൾ സമ്മാനിക്കുമെന്ന് കെഎംഎ പ്രസിഡൻറ് ആർ. മാധവ് ചന്ദ്രൻ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും ഏറ്റവും വലിയ തൊഴിൽ ദാതാക്കളിലൊരാളുമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കുന്നതിനുള്ള മികവാണ് എംആർ കുമാറിനെ അവാർഡിനർഹനാക്കി തീർത്തത്. ഒപ്പം കേരള പോലീസിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് പരിഗണിച്ചാണ് പോലീസ് സൈബർഡോം തലവനായ മനോജ് എബ്രഹാമിന് പുരസ്കാരം നൽകിയത്. ഈ പുരസ്കാരം തിരുവനന്തപുരത്ത് പിന്നീട് സമ്മാനിക്കും.