
കിയ മോട്ടോഴ്സിന് ഇന്ത്യയിലേക്കുള്ള എൻട്രി ഒരുക്കിയ വാഹനമാണ് സെൽറ്റോസ്. അതിവേഗം വളർന്ന ഈ വാഹനം ഇന്ന് ഏറ്റവുമധികം വിൽപനയുള്ള രണ്ടാമത്തെ മിഡ്-സൈസ് എസ്.യു.വിയാണ്. ലോകത്താകമാനം റീബ്രാന്റിങ്ങിന് ഒരുങ്ങുന്ന കിയ മോട്ടോഴ്സ് പുത്തൻ ലോഗോയിലും പുതിയ ലുക്കിലും കിയയുടെ സെൽറ്റോസിന്റെ ഗ്രാവിറ്റി എഡിഷൻ ഇന്ത്യൻ നിരത്തിലുമെത്തിക്കുന്നു. അടിമുടി മാറ്റങ്ങളുമായി ഏപ്രിൽ 27-ന് ഈ വാഹനം വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.അടുത്തിടെയാണ് കിയയുടെ പുതിയ ലോഗോയും പരസ്യവാചകവും അവതരിപ്പിച്ചത്. മൂവ്മെന്റ് ദാറ്റ് ഇൻസ്പയേഴ്സ് എന്നാണ് കിയയുടെ പുതിയ പരസ്യ വാചകം. ഈ വാചകത്തിനും പുതിയ ലോഗോയ്ക്കുമൊപ്പം ആഗോളതലത്തിൽ തന്നെ കിയയുടെ റീ ബ്രാൻഡിങ്ങ് പ്രകൃയ പുരോഗമിക്കുകയാണ്. ഈ മാസം അവതരിപ്പിക്കുമെങ്കിലും ഗ്രാവിറ്റി എഡിഷൻ റീ ബ്രാന്റിങ്ങ് ക്യാംപയിന്റെ ഭാഗമാകുമോയെന്ന് കിയ മോട്ടോഴ്സ് വെളിപ്പെടുത്തിയിട്ടില്ല.

കിയയുടെ മാതൃരാജ്യമായ ദക്ഷിണ കൊറിയയിൽ 2020 ജൂലൈയിൽ എത്തിയ സ്പെഷ്യൽ എഡിഷൻ വാഹനമാണ് ഗ്രാവിറ്റി പതിപ്പായി ഇന്ത്യയിൽ എത്തുക. സെൽറ്റോസിന്റെ ഏറ്റവും ഉയർന്ന വകഭേദത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന വാഹനമാണിത്. എന്നാൽ, റെഗുലർ മോഡലിൽ നിന്ന് കാര്യമായ ഡിസൈൻ മാറ്റങ്ങൾ വരുത്തിയായിരിക്കും ഗ്രാവിറ്റി എഡിഷൻ എത്തുക.അതേസമയം, അകത്തളത്തിൽ കാര്യമായ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. ഉയർന്ന വേരിയന്റ് ആയതിനാൽ തന്നെ സൺറൂഫ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിൽ ഒരുങ്ങും.വ്യത്യസ്തമായി ഡിസൈനിൽ ഒരുങ്ങുന്ന 18 ഇഞ്ച് അലോയി വീൽ, സിൽവർ ഫിനീഷിങ്ങ് റിയർവ്യൂ മിററും ഡോർ ഗാർണിഷും, കൂടുതൽ സ്പോർട്ടി ഭാവം നൽകുന്ന പുതിയ സ്കിഡ് പ്ലേറ്റ്, ബോണറ്റിൽ പതിപ്പിക്കുന്ന കിയ ലോഗോ ഈ വാഹനത്തിന് പ്രധാനമായും മാറ്റമൊരുക്കും. മെക്കാനിക്കലായും മാറ്റം വരുത്താതെയാണ് സെൽറ്റോസ് ഗ്രാവിറ്റി എത്തുന്നത്. 115 ബി.എച്ച്.പി പവറും 144 എൻ.എം ടോർക്കുമേകുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനും 140 ബി.എച്ച്.പി. പവറും 242 എൻ.എം. ടോർക്കും നൽകുന്ന 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിനും 115 ബി.എച്ച്.പി. പവറും 250 എൻ.എം ടോർക്കുമേകുന്ന 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് സെൽറ്റോസിനുള്ളത്.