Tech
Trending

ജോണി ഐവുമായുള്ള കരാര്‍ അവസാനിപ്പിച്ച് ആപ്പിൾ

ഐഫോണ്‍ ഉള്‍പ്പടെയുള്ള ആപ്പിളിന്റെ ഉല്പന്നങ്ങള്‍ രൂപകല്‍പന ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനറാണ് ജോണി ഐവ് എന്ന ജോനാതന്‍ ഐവ്. 2019 ലാണ് അദ്ദേഹം ആപ്പിള്‍ വിട്ടത്. തുടര്‍ന്ന്‌ അദ്ദേഹം സ്വന്തമായി തുടങ്ങിയ ‘ലവ്ഫ്രം’ എന്ന ഡിസൈന്‍ കമ്പനി ആപ്പിളുമായി 10 കോടി ഡോളറിന്റെ കരാറിലേര്‍പ്പെട്ടിരുന്നു. ഇപ്പോഴിതാ ഐവും ആപ്പിളും തമ്മിലുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദശാബ്ദക്കാലത്തെ ബന്ധമാണ് ഇതുവഴി ഇല്ലാതാവുന്നത്.ഇരു കക്ഷികളും തമ്മിലുള്ള കരാര്‍ ഐവിനെ ആപ്പിളിന് വെല്ലുവിളി സൃഷ്ടിക്കുന്ന മറ്റ് ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് നിയന്ത്രിച്ചിരുന്നു. അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റ് പോലുള്ള ഭാവി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം സംബന്ധിച്ച കാര്യങ്ങള്‍ ലവ്ഫ്രം ഡിസൈന്‍ കമ്പനിയെ അറിയിക്കുമെന്നും കരാര്‍ ഉറപ്പാക്കിയിരുന്നു.ഇപ്പോള്‍ കരാര്‍ പുതുക്കേണ്ട സമയമാണ്. എന്നാല്‍ അത് വേണ്ടെന്ന തീരുമാനത്തിലാണ് ഇരു കക്ഷികളും. ഐവിന്റെ സ്ഥാപനത്തിന് വേണ്ടി പണം ചിലവാക്കുന്നത് ചോദ്യം ചെയ്ത് ആപ്പിളിലെ ചില ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരുന്നു. ഇത് കൂടാതെ ആപ്പിളിന്റെ നിരവധി ഡിസൈനര്‍മാര്‍ കമ്പനിയില്‍ നിന്ന് രാജിവെച്ച് ഐവിനൊപ്പം പോയതും ഉദ്യോഗസ്ഥരെ നിരാശരാക്കിയിരുന്നു.ഇത് കൂടാതെ ആപ്പിളിന്റെ സമ്മതമില്ലാതെ മറ്റ് ഉപഭോക്താക്കളെ ഏറ്റെടുക്കാനുള്ള സ്വാതന്ത്ര്യം ഐവും ആഗ്രഹിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

Related Articles

Back to top button