
കേരളം ആസ്ഥാനമായ റോബോട്ടിക് സ്റ്റാര്‍ട്ടപ്പ് ‘ജെന്‍ റോബോട്ടിക്സ്’, ചെന്നൈ ആസ്ഥാനമായ ആഗോള ടെക്നോളജി കമ്പനിയായ ‘സോഹോ’യില്‍ നിന്ന് 20 കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി. മാന്‍ഹോളുകള്‍ വൃത്തിയാക്കാനിറങ്ങുന്നവര്‍ ശ്വാസംമുട്ടി മരിക്കുന്നത് പതിവാകുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് ഒരുകൂട്ടം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റോബോട്ട് വികസിപ്പിച്ചത്. ‘ബാന്‍ഡിക്കൂട്ട്’ എന്ന പേരിലുള്ള റോബോട്ട് ഇന്ന് ഇന്ത്യയില്‍ മാത്രമല്ല, വിദേശങ്ങളില്‍പ്പോലും നഗരസഭകളും മറ്റും ഉപയോഗിക്കുന്നുണ്ട്.ലോകത്താദ്യമായാണ് മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോട്ടുകള്‍ വികസിപ്പിച്ച് ഒരു സ്റ്റാര്‍ട്ടപ്പ് ശ്രദ്ധനേടുന്നത്. എം.കെ. വിമല്‍ ഗോവിന്ദ്, എന്‍.പി. നിഖില്‍, കെ. റാഷിദ്, അരുണ്‍ ജോര്‍ജ് എന്നിവരാണ് സഹസ്ഥാപകര്‍. 2017-ലാണ് കമ്പനിയായി മാറിയത്.’ബാന്‍ഡിക്കൂട്ട്’ റോബോട്ടിനു പുറമെ, മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ സഹായിക്കുന്ന റോബോട്ടും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.തിരുവനന്തപുരം ആസ്ഥാനമായ കമ്പനിയില്‍ ഇതിനോടകം പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര, ഗൂഗിള്‍ ഇന്ത്യ മുന്‍ മേധാവി രാജന് ആനന്ദന് എന്നിവരും യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ്, സീ ഫണ്ട് എന്നീ നിക്ഷേപസ്ഥാപനങ്ങളും മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.റോബോട്ടിക്സ്, നിര്‍മിതബുദ്ധി (എ.ഐ.) എന്നിവയുടെ സഹായത്തോടെ സുരക്ഷിതമായ ലോകം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ‘ജെന്‍ റോബോട്ടിക്സ്’ കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ വിമല്‍ ഗോവിന്ദ് പറഞ്ഞു.ഇന്ത്യയില്‍ ഡീപ്-ടെക് കമ്പനികളുടെ ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അതിന്റെ തുടര്‍ച്ചയായാണ് ഈ രംഗത്ത് മികച്ച മാതൃക സൃഷ്ടിച്ച ‘ജെന്‍ റോബോട്ടിക്സി’ലെ നിക്ഷേപമെന്നും ‘സോഹോ കോര്‍പ്’ സ്ഥാപകനും സി.ഇ.ഒ.യുമായ ശ്രീധര്‍ വെംബു പറഞ്ഞു.