
പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വിവിധ നികുതികള്‍ കൂട്ടിയതുള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. ഇന്ധനത്തിന് രണ്ട് രൂപയാണ് അധിക സെസ് ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം. വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. 500 രൂപ മുതല്‍ വിലയുള്ള മദ്യങ്ങള്‍ക്ക് സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തും. 500 മുതല്‍ 999 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലുമാണ് സെസ് ഈടാക്കുക.
ഫ്‌ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മുദ്രവില രണ്ട് ശതമാനം കൂട്ടി. കെട്ടിട നികുതി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കെട്ടിട നികുതിക്കൊപ്പം അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവയും പരിഷ്‌കരിക്കും. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കും. പുതുതായി വാങ്ങുന്ന കാറുകളുടെയും സ്വകാര്യ ആവശ്യത്തിനായി വാങ്ങുന്ന മറ്റ് വാഹനങ്ങളുടെയും നികുതിയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയില്‍ ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയില്‍ രണ്ട് ശതമാനവും 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയില്‍ രണ്ട് ശതമാനവും 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനവും നികുതി വര്‍ധിക്കും. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സമയത്ത് ഈടാക്കുന്ന സെസില്‍ ഇരട്ടി വര്‍ധനവ് ഏര്‍പ്പെടുത്തി. ഇരുചക്ര വാഹനങ്ങള്‍ക്ക് ഇപ്പോള്‍ 50 രൂപയാണ് സെസ് ഇത് 100 രൂപയായി ഉയര്‍ത്തി. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 100 രൂപയില്‍ നിന്ന് 200 രൂപയായും മീഡിയോ മോട്ടോര്‍ വാഹനങ്ങള്‍ക്ക് 150 രൂപയില്‍ നിന്ന് 300 രൂപയായും ഹെവി വാഹനങ്ങള്‍ക്ക് 250 രൂപയില്‍ നിന്ന് 500 രൂപയായും വര്‍ധിപ്പിച്ചു.
വിലക്കയറ്റ ഭീഷണി നേരിടാന്‍ ബജറ്റില്‍ 2000 കോടി വകയിരുത്തിയിട്ടുണ്ട്. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെന്‍ഷനിലും വര്‍ധനവില്ല. ക്ഷേമ പെന്‍ഷന്‍ 1600 രൂപയായി തുടരും. പട്ടിക വര്‍ഗ വികസന വകുപ്പിന് 1638.1 കോടി രൂപ വകമാറ്റി. 104 കോടി രൂപ അധികമാണിത്.അങ്കണവാടി കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാന്‍ ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നല്‍കുന്ന പദ്ധതിയുടെ നടത്തിപ്പിനായി 63.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, ജനകീയ സമിതികള്‍ എന്നിവയുടെ സഹകരണത്തോടെ കൂടുതല്‍ ഡേ കെയര്‍ സെന്ററുകള്‍, ക്രഷുകള്‍ തുടങ്ങിയവ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങും. ഇതിനായി 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.നിര്‍ഭയ പദ്ധതിക്കായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സാനിറ്ററി നാപ്കിനു പകരം മെന്‍സ്ട്രുല്‍ കപ്പുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ജെന്റര്‍ പാര്‍ക്കിനായി 10 കോടിയും ട്രാന്‍സ് ക്ഷേമം മഴവില്ല് പദ്ധതിക്കായി 5.02 കോടിയും വകയിരുത്തി.സ്ത്രീസുരക്ഷാ പദ്ധതികൾക്ക് 14 കോടി പ്രഖ്യാപിച്ചു.വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ആകെ 84.6 കോടി രൂപ അനുവദിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി അനുവദിച്ചു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 95 കോടി വകയിരുത്തി. സൗജന്യ യൂണിഫോമിന് 140 കോടിയും ഉച്ചഭക്ഷണത്തിന് 344 കോടിയും അനുവദിച്ചു. സര്‍ക്കാര്‍ കോളജുകള്‍ക്ക് 98 കോടി അനുവദിച്ചു.