
കേരളത്തിന് 2,373 കോടി രൂപ അധികമായി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. കേന്ദ്ര സർക്കാരിൻറെ ഈസ്റ്റ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായുള്ള പരിഷ്കരണ നടപടികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അധികമായി വായ്പയെടുക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം അനുമതി നൽകിയത്.

അധികമായി കടമെടുക്കാൻ അനുമതി ലഭിച്ചതോടെ ഇത്തരത്തിൽ അനുമതി ലഭിക്കുന്ന എട്ടാമത്തെ സംസ്ഥാനമായി കേരളം മാറി. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ഒഡീഷ, തെലുങ്കാന എന്നീ സംസ്ഥാനങ്ങൾക്കായിരുന്നു മുൻപ് അധികമായി വായ്പ എടുക്കാൻ അനുമതി ലഭിച്ചിരുന്നത്. 23,149 കോടി രൂപയാണ് ഈ സംസ്ഥാനങ്ങൾക്ക് അധിക കടമായി നൽകിയത്. ഈ അനുമതി ലഭിച്ചതോടെ കേരളത്തിന്റെ വ്യവസായ സൗഹൃദ റാങ്ക് ഉയരും.