
റബറിന്റെ ഓൺലൈൻ വ്യാപാരത്തിനായി റബ്ബർ ബോർഡിൻറെ ഓൺലൈൻ സൂപ്പർമാർക്കറ്റ് ഇ-പ്ലാറ്റ്ഫോം ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിക്കും.ഇ-പ്ലാറ്റ്ഫോം തയ്യാറാക്കാനുള്ള കരാർ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ സൊല്യൂഷൻസിന് നൽകിക്കഴിഞ്ഞു. ഉത്തരേന്ത്യയിൽ പച്ചക്കറി ഓൺലൈൻ വ്യാപാരത്തിന് ഇ-പ്ലാറ്റ്ഫോം തയ്യാറാക്കി നൽകുന്ന കമ്പനിയാണിത്. പുതുതായി വരാനിരിക്കുന്ന ഇ-പ്ലാറ്റ്ഫോമിന് ഇതുവരെയും ഔദ്യോഗികമായി പേരിട്ടിട്ടില്ല.

റബ്ബർ ബോർഡിൻറെ നിയന്ത്രണത്തിലായിരിക്കും ഓൺലൈൻ വ്യാപാരം നടക്കുക. എന്നാൽ ഓരോ കിലോ റബർ വിൽക്കുമ്പോഴും ആറ് പൈസ ഐ സൊലൂഷൻസ് കമ്പനിക്ക് ലഭിക്കും. റബർ വിൽപ്പന സുതാര്യമാക്കുന്നതിനുള്ള പുതിയ ക്രമീകരണമാണ് ഇ-പ്ലാറ്റ്ഫോം. റബർ വിൽക്കുന്ന വർക്കും വാങ്ങുന്നവർക്കും ഇതിലൂടെ പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കും. ഒപ്പം ഇതിലൂടെ ലോകത്തെവിടെ ഇരുന്നും ഒരാൾക്ക് ഓൺലൈൻ റബർ മാർക്കറ്റിൽ പങ്കെടുക്കാൻ സാധിക്കും. ഓൺലൈൻ മാർക്കറ്റിൽ ക്രയവിക്രയം നടത്തുന്ന റബറിന്റെ ഗുണനിലവാരം റബ്ബർ ബോർഡ് പരിശോധന നടത്തി ഉറപ്പാക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ എൻ രാഘവൻ അറിയിച്ചു.