Auto
Trending

2021-ല്‍ രണ്ടാം തവണയും വില വര്‍ധിപ്പിക്കാന്‍ ഹീറോ മോട്ടോകോര്‍പ്

ഇരുചക്ര വാഹന നിരയിലെ എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. മോഡലുകളുടെയും വിപണിയുടെ അടിസ്ഥാനത്തിൽ 3000 രൂപ വരെ വില വർധിപ്പിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. പുതുക്കിയ വില ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.ഈ വർഷം രണ്ടാം തവണയാണ് ഹീറോ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വില വർധിപ്പിക്കുന്നത്.

ഏപ്രിൽ മാസത്തിലാണ് ഈ വർഷത്തെ ആദ്യ വില വർധനവ് പ്രഖ്യാപിച്ചത്. 2500 രൂപ വരെയായിരുന്നു ആ വർധനവ്.
വാഹന നിർമാണ സാമഗ്രികളുടെ വില ക്രമാധീതമായി ഉയരുന്ന സാഹചര്യത്തിലാണ് വാഹനങ്ങളുടെ വില വർധിപ്പിക്കാൻ കമ്പനി നിർബന്ധിതമായിരുന്നതെന്നാണ് വിശദീകരണം.എന്നാൽ, നിർമാണ സാമഗ്രികളിലുണ്ടായ വില വർധനവിന്റെ പൂർണ ആഘാതം ഉപയോക്താക്കളിൽ എത്തിക്കാതിരിക്കാനുള്ള നടപടികൾ ഹീറോ സ്വീകരിച്ചിട്ടുണ്ടെന്നും നിർമാതാക്കൾ അറിയിച്ചു. ലോക്ഡൗണിനെ തുടർന്ന് വിൽപ്പനയിലും കാര്യമായ തിരിച്ചടിയാണ് ഹീറോയ്ക്ക് ഉണ്ടായിട്ടുള്ളത്. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയിലെ വിൽപ്പനയിൽ 50.83 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നാണ് വിവരം. അതേസമയം, 2020 മെയ് മാസത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 62.44 ശതമാനത്തിന്റെ കുതിപ്പാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഹീറോയ്ക്ക് പുറമെ, ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയും ജൂലൈ ഒന്ന് മുതൽ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വർധിപ്പിക്കുന്ന തുക മാരുതി വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button