Big B
Trending

ബഹിരാകാശത്തിന്റെ ‘യഥാർഥ അതിർത്തി’ താണ്ടി ബെസോസ്

ബഹിരാകാശത്തിന്റെ ‘ശരിയായ അതിർത്തി’ കടക്കുന്ന ആദ്യ ശതകോടീശ്വരനെന്ന പേരുസമ്പാദിച്ച് ജെഫ് ബെസോസ് തന്റെ ബഹിരാകാശയാത്ര പൂർത്തിയാക്കി മടങ്ങിയെത്തി. ഭൂമിയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള കാർമൻ രേഖയാണ് ബെസോസും സംഘവും താണ്ടിയത്. ബഹിരാകാശ യാത്രാ സംഘത്തിൽ ജെഫ് ബെസോസ് ഉൾപ്പടെ നാല് പേരാണ് ഉണ്ടായിരുന്നത്. 82 കാരിയായ വാലി ഫങ്ങാണ് സംഘത്തിൽ ഏറ്റവും പ്രായമുള്ള വ്യക്തി. ഏറ്റവും പ്രായമുള്ള ബഹിരാകാശ യാത്രിക എന്ന പ്രത്യേകതയും ഇവര്‍ക്ക് സ്വന്തമായി. 18 കാരനായ വിദ്യാര്‍ത്ഥി ഒലിവര്‍ ഡെയ്മെനാണ് ബഹിരാകാശത്ത് പറന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ജെഫ് ബെസോസിന്റെ സഹോദരനായ മാര്‍ക്ക് ബെസോസ് ആണ് സംഘത്തിലെ നാലാമൻ.


ബഹിരാകാശംതൊട്ട ആദ്യ ശതകോടീശ്വരനെന്ന പേര് ജൂലായ് 11-ന് റിച്ചഡ് ബ്രാൻസൻ സ്വന്തമാക്കിയെങ്കിലും 89 കിലോമീറ്റർ മാത്രമാണ് അദ്ദേഹം താണ്ടിയത്. 80 കിലോമീറ്റർ ഉയരത്തിലുള്ള ആംസ്ട്രോങ് ലൈൻ കടന്നുള്ള യാത്രകൾ ‘നാസ’ മാത്രമാണ് ബഹിരാകാശയാത്രയായി കണക്കാക്കുന്നത്.ബഹിരാകാശ ടൂറിസം എന്ന ലക്ഷ്യത്തോടെ 2000ത്തിൽ ജെഫ് ബെസോസ് ആരംഭിച്ച പദ്ധതിയാണിത്. അതിന്റെ ഭാഗമായി ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് വിമാനത്തിന്റെ മനുഷ്യനേയും വഹിച്ചുകൊണ്ടുള്ള ആദ്യ ദൗത്യമായിരുന്നു ഇന്നലെ നടന്നത്. വീണ്ടും ഉപയോഗിക്കാവുന്ന വിധത്തിലാണ് ന്യൂ ഷെപ്പേഡ് പേടകത്തിന്റെ രൂപകല്പന. ഇതുവരെ ബഹിരാകാശത്തേക്ക് പോയ പേടകങ്ങളില്‍ വച്ച് ഏറ്റവും വിശാലമായ ജനാലകള്‍ ഉള്ളതായിരുന്നു ന്യൂ ഷെപ്പേഡ്. അതിനാൽ തന്നെ ഭൂമിയേയും ബഹിരാകാശത്തേയും വിശാലമായി കണ്ട് ആസ്വദിക്കാൻ യാത്രികര്‍ക്ക് സാധിക്കും.ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തേയും വഹിച്ച് ടെക്സസ് സ്പേസ്പോർട്ടിലെ ലോഞ്ചിംഗ് പാഡില്‍ നിന്നും ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് കുതിച്ചത്. രണ്ട് മിനിട്ടിന് ശേഷം പേടകം റോക്കറ്റിൽ നിന്നും വേര്‍പെട്ടു. കാര്‍മൻ രേഖയ്ക്ക് ഉയരത്തിൽ 106 കിലോമീറ്റര്‍ താണ്ടി. സീറ്റിൽ നിന്നും ബെൽറ്റ് അഴിച്ച് നാല് മിനിറ്റോളം അവര്‍ വാഹനത്തിലൂടെ ഒഴുകി നടന്നു. വെറും 11 മിനിറ്റിൽ യാത്ര അവസാനിപ്പിച്ച് ഭൂമിയിൽ തിരികെ എത്തി. പടിഞ്ഞാറൻ ടെക്സസിലെ മരുഭൂമിയിലാണ് സോഫ്റ്റ് ലാന്‍ഡ് ചെയ്തത്.

Related Articles

Back to top button