Tech
Trending

പ്ലേസ്റ്റേഷൻ 5 രാജ്യത്ത് പ്രീ-ബുക്കിങ് വീണ്ടും തുടങ്ങുന്നു

ഗെയിമിങ് ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ സോണിയുടെ പുത്തൻ ഗെയിമിംഗ് കൺസോൾ പ്ലേസ്റ്റേഷൻ 5 ഫെബ്രുവരിയിലാണ് ഇന്ത്യയിലെത്തിയത്. ലോഞ്ചിന് മുൻപായി ജനുവരി 12-ന് ആരംഭിച്ച പ്രീ ബുക്കിങ്ങിൽ നിമിഷ നേരം കൊണ്ടാണ് ആദ്യ ബാച്ച് വിറ്റഴിഞ്ഞത്. ഈ മാസം 17-ന് പ്ലേസ്റ്റേഷൻ 5-ന്റെ ബുക്കിങ് ആരംഭിക്കും.സോണിയുടെ ഔദ്യോഗിക ഡീലർ ആയ സോണി സെന്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജനുവരിയിൽ ആദ്യ ബാച്ചിന്റെ വില്പന നടന്നപ്പോൾ ആമസോൺ, ക്രോമ, ഫ്ലിപ്കാർട്ട്, ഗെയിംസ് ദി ഷോപ്പ്, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് എന്നിവയിലൂടെയും പ്ലേസ്റ്റേഷൻ 5 ബുക്ക് ചെയ്യാമായിരുന്നു. എന്നാൽ ഇത്തവണ സോണി സെന്റർ വഴി മാത്രമാണ് വില്പന.പ്ലേസ്റ്റേഷൻ 5 സ്റ്റാൻഡേർഡ് പതിപ്പിന് 49,990 രൂപയും, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷന് 39,990 രൂപയുമാണ് വില. ഡിജിറ്റൽ എഡിഷൻ പക്ഷെ ഇന്ത്യയിൽ വില്പനക്കെത്തിയിട്ടില്ല. പ്ലേസ്റ്റേഷൻ 5-നോടൊപ്പം ലഭ്യമായ അക്‌സെസ്സറികളിൽ ഡ്യുവൽസെൻസ് വയർലെസ്സ് കൺട്രോളറിന് 5,990 രൂപയും, പൾസ്‌ 3ഡി വയർലെസ്സ് ഹെഡ്സെറ്റിന് 8,590 രൂപയും, പ്ലേസ്റ്റേഷൻ മീഡിയ റിമോട്ടിന് 2,590 രൂപയും ആണ് വില. അതേസമയം 5,190 രൂപ വിലയുള്ള പ്ലേസ്റ്റേഷൻ എച്ഡി ക്യാമറ, 2,590 രൂപ വിലയുള്ള ഡ്യുവൽസെൻസ് ചാർജിങ് സ്റ്റേഷൻ എന്നിവ രാജ്യത്ത് ലഭ്യമല്ല.കഴിഞ്ഞ വർഷം നവംബറിൽ വില്പന ആരംഭിച്ച പ്ലേസ്റ്റേഷൻ 5-ന്റെ 7.8 മില്യൺ യൂണിറ്റുകൾ മാർച്ച് 31 വരെ ലോകത്താകമാനം സോണി വിറ്റഴിച്ചിട്ടുണ്ട്. എങ്കിലും ഇതുവരെ ബുക്ക് ചെയ്തവർക്ക് പോലും പ്ലേസ്റ്റേഷൻ 5 എത്തിക്കാൻ സോണിക്കായിട്ടില്ല. ലോകമെമ്പാടും മന്ദഗതിയിലാണ് പ്ലേസ്റ്റേഷൻ 5-ന്റെ വിതരണം.

Related Articles

Back to top button