
രണ്ടാം വരവും സൂപ്പർഹിറ്റാക്കിയിരിക്കുകയാണ് ജാവാ മോട്ടോഴ്സ്. ഈ രണ്ടാം വരവിൽ മൊത്തം വിൽപ്പന അമ്പതിനായിരം യൂണിറ്റ് കവിഞ്ഞതായി നിർമ്മാതാക്കളായ ക്ലാസിക്ക് ലെജൻസ് അറിയിച്ചു. പുതിയ ബൈക്കിനായി ധാരാളം പേർ കാത്തിരിക്കുന്ന ജാവയുടെ സ്റ്റോക്ക് ഏറെക്കുറെ ശൂന്യമായ അവസ്ഥയിലാണ്. ജാവ ബ്രാൻഡിനു ലഭിച്ച ഉജ്ജ്വലമായ വരവേൽപ്പ് മുൻനിർത്തി വിപണന ശൃംഖല വിപുലീകരിക്കാനും ഉൽപ്പാദനശേഷി വർദ്ധിപ്പിക്കാനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ജാവ മോട്ടോർ സൈക്കിളുകൾ രാജ്യാന്തര വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി നേപ്പാളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിയും ആരംഭിച്ചിട്ടുണ്ട്. പ്രീമിയം മോട്ടോർസൈക്കിൾ വിപണിയിലെ നവാഗതരെന്ന നിലയിൽ ചുരുങ്ങിയ കാലത്തിനിടെ കമ്പനി കൈവരിച്ച നേട്ടം അഭിമാനാർഹമാണെന്ന് ക്ലാസിക്ക് ലെജൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആശിഷ് സിങ് ജോഷി പറഞ്ഞു. ജാവ സോണി അവതരിപ്പിച്ച മൂന്ന് മോഡലുകളുടെയും ഉൽപാദനം ഉയർത്താനും മികച്ച വിൽപ്പന, വിൽപ്പനാനന്തര സേവനം ശൃംഖല എന്നിവ സ്ഥാപിക്കാനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.