
ടാറ്റാ മോട്ടോഴ്സ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറിന്റെ(ജെ എൽ ആർ) വൈദ്യുതി എസ്യുവിയായ ഐ-പേസിനുള്ള ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചു. ഈ പുത്തൻ വൈദ്യുത വാഹനം അടുത്ത വർഷമാദ്യം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് ജെ എൽ ആർ ഇന്ത്യൻ പ്രസിഡണ്ടും മാനേജിങ് ഡയറക്ടറുമായ രോഹിത് സൂരി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

മികച്ച ഇൻറീരിയർ എക്സ്റ്റീരിയറുമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. വാഹനത്തിൻറെ ഗ്രില്ലിന്റെ അഗ്രങ്ങളിൽ അറ്റ്ലസ് ഗ്രേ ഫിനിഷ് നൽകിയിരിക്കുന്നു. ഒപ്പം പുത്തൻ വീലും ആഡംബര സമൃദ്ധമായ ബ്രൈറ്റ് പായ്ക്ക് ഓപ്ഷനും നൽകിയിരിക്കുന്നു. വായുവിലെ മാലിന്യങ്ങൾ ഒഴിവാക്കുന്നതിനായി കാറിൻറെ ക്യാബിനിൽ പി എം 2.5 ഫിൽട്ടർ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അതിവേഗം ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള സംവിധാനവും സ്വയം അറിഞ്ഞു പ്രവർത്തിക്കുന്ന ഇൻടൈൻമെന്റ് സിസ്റ്റവുമാണ് വാഹനത്തിലെ മറ്റൊരു പുതുമ.
വാഹനത്തിന് കരുത്തേകുന്നത് 90 കിലോവാട്ട് അവർ ലിഥിയം അയൺ ബാറ്ററിയാണ്. രണ്ടു വൈദ്യുത മോട്ടോറുകളിൽ നിന്നായി 400 പിഎസ് കരുത്താണ് ഇത് സൃഷ്ടിക്കുക. ഒറ്റ ചാർജിൽ 470 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ വാഹനത്തിന് കഴിയും. നിശ്ചലാവസ്ഥയിൽ നിന്ന് വെറും 4.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിന് കഴിയും. എട്ടുവർഷം അഥവാ 1.60 ലക്ഷം കിലോമീറ്റർ നീളുന്ന ബാറ്ററി വാറണ്ടിയാണ് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.