
ഓഹരി വിപണിയിൽ മുന്നേറ്റം അവസരമാക്കാനൊരുങ്ങുകയാണ് കമ്പനികൾ. ഈ മാസം മാത്രം ആറ് കമ്പനികൾ ഐപിഒയുമായെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം എട്ട് ആയിരം കോടി രൂപയാകും ഈ കമ്പനികൾ ദ്വിതീയ വിപണിയിൽ നിന്ന് സമാഹരിക്കുക.

ഇക്കഴിഞ്ഞ വർഷം ആകെ 15 കമ്പനികളാണ് ഓഹരിവിപണിയിൽ പുതുതായി ലിസ്റ്റ് ചെയ്യപ്പെട്ടത്. മാർച്ച് 1, ജൂലൈ 1, സെപ്റ്റംബർ 8, ഒക്ടോബർ 1, നവംബർ 1, ഡിസംബർ 3 എന്നീ ദിവസങ്ങളിലാണ് ഈ കമ്പനികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇൻഡിഗോ പെയിൻറ്സ്, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ, ഹോം ഫെസ്റ്റ് ഫിനാൻസ് കമ്പനി, സൂര്യോദയ് സ്മാൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ കമ്പനികളാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ മാർച്ചിനു ശേഷം ഓഹരിവിപണി 86 ശതമാനത്തോളമാണ് നേട്ടമുണ്ടാക്കിയത്. ഡിസംബറിൽ മാത്രം 62,016 കോടി രൂപയാണ് വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരികളിൽ നിക്ഷേപിച്ചത്. നിക്ഷേപകരിൽ പണലഭ്യത വർദ്ധിച്ചതോടെ നിക്ഷേപങ്ങൾ വർദ്ധിക്കുന്നതായാണ് പൊതുവായ വിലയിരുത്തൽ.