
എടിഎം മെഷീനുകൾ, പി ഒ എസ് (പോയിൻറ് ഓഫ് സെയിൽ) സംവിധാനങ്ങൾ, കയൊസ്കുകൾ എന്നിവയിൽ ഉപഭോക്താക്കളുടെ മുഖം തിരിച്ചറിയാൻ സഹായിക്കുന്ന റിയൽ സെൻസ് ഐഡി ക്യാമറ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ. ആളുകളുടെ മുഖത്ത് വരുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ ഈ സംവിധാനത്തിന് സാധിക്കും. വ്യത്യസ്ത പ്രകാശ സാഹചര്യങ്ങൾ, ഉയരം, ശരീരപ്രകൃതി എന്നിവയ്ക്കനുസരിച്ചും ഇവ പ്രവർത്തിക്കും.

ഉപഭോക്താക്കൾക്ക് ഒറ്റനോട്ടത്തിൽ തന്നെ അൺലോക്ക് ചെയ്യാൻ സാധിക്കുന്ന വളരെയേറെ ലളിതമായതും കൃത്യതയുള്ളതുമായ സാങ്കേതികവിദ്യയാണ് റിയൽ സെൻസ് ഐഡിയെന്ന് ഇൻറൽ പറയുന്നു. ഫോട്ടോഗ്രാഫുകൾ, മുഖംമൂടികൾ, വീഡിയോകൾ എന്നിവ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ആൻറി സ്പൂഫിംഗ് സാങ്കേതികവിദ്യയും ഇതിലൊരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വിശ്വസിക്കാൻ കഴിയുന്ന സുരക്ഷിതമായ ഫേഷ്യൽ ഒതന്റിക്കേഷൻ പ്ലാറ്റ്ഫോം നൽകുന്നതിനായി രൂപകല്പനചെയ്ത ന്യൂറൽ നെറ്റ്‌വർക്കും ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഇന്റൽ റിയൽ സെൻസ് ഐഡിയിൽ സംയോജിപ്പിച്ചിരിക്കുന്നുവെന്ന് ഇന്റൽ കോർപ്പറേഷൻ വൈസ് പ്രസിഡൻറ് സാഗി ബെൽ മാഷേ പറഞ്ഞു.