
അധികം വൈകാതെ തന്നെ ഇൻഷുറൻസ് പോളിസികളും ഇലക്ട്രോണിക് രൂപത്തിൽ ഡിജിറ്റൽ ലോക്കറുകളിൽ സൂക്ഷിക്കാനാകും. ഇതിൻറെ ഭാഗമായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) പോളിസികൾ ഇനി ഡിജിറ്റലാക്കുമെന്ന് പ്രഖ്യാപിച്ചു.

ഇൻഷുറൻസ് ക്ലെയിം വേഗത്തിൽ തീർക്കുന്നതിനും ഈ പദ്ധതി ഗുണം ചെയ്യുമെന്നാണ് പൊതുവായ വിലയിരുത്തൽ. കൂടാതെ പോളിസി രേഖകൾ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇതോടെ പരിഹാരമാകും. ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാൻ കാർഡ്, സ്കൂൾ-കോളേജ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഡിജിറ്റലായി സൂക്ഷിക്കാൻ സൗകര്യം ഡിജിലോക്കറിലുണ്ട്. കൂടാതെ വിവിധ ആവശ്യങ്ങൾക്കായി ലോക്കറിൽ നിന്ന് സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും ഷെയർ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. വെബ്ബിലോ മൊബൈൽ ആപ്പിലോ രേഖകൾ സൂക്ഷിക്കുന്നതിനായി സർക്കാർ ഒരുക്കിയിട്ടുള്ള സംവിധാനമാണ് ഡിജിലോക്കർ. സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുന്ന ഈ സംവിധാനം ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം.