
ഇൻസ്റ്റഗ്രാമിന്റെ റീൽസ് പ്ലാറ്റ്ഫോമിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിൽ ടിക്ടോക്ക് വാട്ടർമാർക്കുണ്ടെങ്കിൽ അവയ്ക്ക് ഇനി പ്രചാരം ലഭിക്കില്ല. അത്തരം വീഡിയോകൾ തരംതാഴ്ത്താനാണ് ഇൻസ്റ്റഗ്രാമിന്റെ പുതിയ തീരുമാനം. ഇതിനായി റീൽസിന്റെ അൽഗോരിത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തും. ടിക് ടോക് വീഡിയോകൾക്കു പകരം റീൽസിൽ സൃഷ്ടിക്കുന്ന വീഡിയോകൾക്കായിരിക്കും പ്രാധാന്യം ലഭിക്കുക.

കമ്പനിയുടെ അന്താരാഷ്ട്ര തലത്തിലെ മുഖ്യ എതിരാളിയായ ടിക് ടോക്കിന് റീൽസ് വഴി പ്രചാരം ലഭിക്കുന്നത് നിയന്ത്രിക്കാനാണ് ഈ പുതിയ നടപടി. രാജ്യത്ത് ടിക് ടോക് നിരോധിക്കപ്പെട്ടതോടെ മുൻപ് ഡൗൺലോഡ് ചെയ്താൽ ടിക് ടോക് വീഡിയോകൾ പലരും ഇൻസ്റ്റഗ്രാം റിലീസിൽ വീണ്ടും അപ്‌ലോഡ് ചെയ്യുന്നുണ്ട്. എന്നാൽ ടിക് ടോക് വാട്ടർമാർക്കുള്ള വീഡിയോകൾ ഇൻസ്റ്റഗ്രാം നിരോധിക്കുകയോ മറച്ചുവെക്കുകയോ ചെയ്യില്ല. പകരം അത്തരം വീഡിയോകളെ റീൽസിൽ തരംതാഴ്ത്തും. അങ്ങനെ ചെയ്താൽ മറ്റ് വീഡിയോകൾ പോലെ ഇവയ്ക്ക് പ്രചാരം ലഭിക്കില്ല. ഇന്ത്യയിൽ ടിക് ടോക് നിരോധിക്കപ്പെട്ടതിന് പിന്നാലെയാണ് കമ്പനി റീൽസ് അവതരിപ്പിച്ചത്. ടിക്ടോക്കിന് സമാനമായി ചെറുവീഡിയോകൾ പങ്കുവയ്ക്കുന്ന പ്ലാറ്റ്ഫോമാണിത്.